മുംബൈ: 'കടുവകളുമായി എല്ലായ്‌പ്പോഴും ചങ്ങാത്തത്തിലാ'ണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. 

കഴിഞ്ഞ ദിവസം ചന്ദ്രകാന്ത് നടത്തിയ കടുവയുമായുള്ള ചങ്ങാത്തത്തെക്കുറിച്ചുള്ള പരാമര്‍ശം വലിയ രാഷട്രീയ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബി.ജെ.പിയുടെ മുന്‍സഖ്യകക്ഷിയായിരുന്ന ശിവസേനയുടെ ചിഹ്നമാണ് കടുവ. ചന്ദ്രകാന്തിന്റെ പരാമര്‍ശത്തോടെയാണ് ശിവസേന-ബി.ജെ.പി. സഖ്യം വീണ്ടും രൂപപ്പെടുകയാണോ എന്ന അഭ്യൂഹങ്ങള്‍ പരന്നത്. 

എന്നാല്‍ സഖ്യസാധ്യതകള്‍ തളളിയ ചന്ദ്രകാന്ത്, നടക്കാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി. മുംബൈ, പുണെ തുടങ്ങിയ മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലെ തിരഞ്ഞെടുപ്പ് 2022- ആദ്യമാണ് നടക്കാനിരിക്കുന്നത്. 

ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ വന്യജീവി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാള്‍ ഫോട്ടോ ആല്‍ബവും കടുവയുടെ ചെറുമാതൃകയും തനിക്ക് നല്‍കിയിരുന്നു. അതൊരു നല്ല സമ്മാനമാണെന്നും നമ്മള്‍ എപ്പോഴും കടുവകളുമായി നല്ല ചങ്ങാത്തത്തിലാണെന്നും അദ്ദേഹത്തോടു പറയുകയും ചെയ്തു. എന്നാല്‍ കടുവ ശിവസേനയുടെ ചിഹ്നമായതില്‍ മാധ്യമപ്രവര്‍ത്തകര്‍ ആ പരാമര്‍ശം ശിവസേനയുമായി ബന്ധിപ്പിക്കുകയായിരുന്നു- ഇതാണ് കടുവയുമായുള്ള ചങ്ങാത്ത പരാമര്‍ശത്തെ കുറിച്ചുള്ള ചന്ദ്രകാന്തിന്റെ വിശദീകരണം.

പലരുമായും സഖ്യമുണ്ടാക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്നത് ശരിയാണ്. കാട്ടില്‍നിന്നുള്ള കടുവയുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്, അല്ലാതെ കൂട്ടിലിട്ട കടുവയുമായല്ല- ചന്ദ്രകാന്ത് പറഞ്ഞു.

content highlights: maharashtra bjp chief on friendship with tiger remark