മുംബൈ: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് നടി മീരാ ചോപ്ര കോവിഡ് വാക്‌സിന്‍ സ്വീകരിച്ചെന്ന ആരോപണവുമായി ബി.ജെ.പി. പരാതിക്കു പിന്നാലെ താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം ആരോപണം മീര നിഷേധിച്ചു.  

ഒരു സ്വകാര്യ സ്ഥാപനത്തിലെ സൂപ്പര്‍വൈസറാണെന്ന തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്, ടി.എം.സി. പാര്‍ക്കിങ് പ്ലാസാ സെന്ററില്‍നിന്ന് മുന്‍നിര പോരാളികള്‍ക്കായി വിതരണം ചെയ്ത വാക്‌സിന്‍ മീര സ്വീകരിച്ചെന്നാണ് ശനിയാഴ്ച ബി.ജെ.പി. ആരോപണം ഉന്നയിച്ചത്. താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍(ടി.എം.സി.) കമ്മിഷണര്‍ വിപിന്‍ ശര്‍മ അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോര്‍ട്ട് മൂന്നുദിവസത്തിനുള്ളില്‍ സമര്‍പ്പിക്കപ്പെടുമെന്നും ടി.എം.സി. വക്താവ് സന്ദീപ് മലാവി മാധ്യമങ്ങളോടു പറഞ്ഞു. 

അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് മീര രംഗത്തെത്തി. ഒരുമാസത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് തനിക്ക് ഒരു സെന്ററില്‍ കുത്തിവെപ്പ് എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞതെന്നും ആധാര്‍ കാര്‍ഡ് അയക്കാനാണ് ആവശ്യപ്പെട്ടതെന്നും മീര പ്രസ്താവനയില്‍ വ്യക്തമാക്കി. രജിസ്‌ട്രേഷനു വേണ്ടി തന്നോട് ആധാര്‍ കാര്‍ഡ് ആണ് ആവശ്യപ്പെട്ടതെന്നും ആ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണ് താന്‍ നല്‍കിയതെന്നും അവര്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചിരിക്കുന്ന ഐ.ഡി. തന്റേതല്ലെന്നും ട്വിറ്ററില്‍ പ്രചരിച്ചപ്പോഴാണ് അത് ആദ്യമായി കണ്ടതെന്നും മീര പറയുന്നു. ഇത്തരം നടപടികളെ അപലപിക്കുന്നുവെന്ന് പറഞ്ഞ പ്രിയ, അത്തരം തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എന്തിനെന്നും എങ്ങനെയെന്നും അറിയണമെന്നും കൂട്ടിച്ചേര്‍ത്തു.  

content highlights: maharashtra bjp alleges actor meera chopra recieves vaccine out of turn, she denies