മുംബൈ: ഒരു കോടിയിലധികം പേര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും നല്‍കി മഹാരാഷ്ട്ര. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോക്ടര്‍ പ്രദീപ് വ്യാസ് ആണ് ഇക്കാര്യം അറിയിച്ചത്. 

കോവിന്‍ പോര്‍ട്ടലിലെ വിവരങ്ങളനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 1,00,64,308 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. 3,16,09,227 പേര്‍ക്ക് ഇതുവരെ ആദ്യ ഡോസ് വാക്‌സിന്‍ നല്ഡകിയിട്ടുണ്ട്. ജൂലായ് 25ന് മാത്രം സംസ്ഥാനത്തെ 705 സെന്ററുകള്‍ വഴി 1,14,568 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 

യുവാക്കള്‍ക്കുള്ള വാക്‌സിന്‍ ചെയ്യുന്നതിലും മഹാരാഷ്ട്ര വളരെ വേഗത്തിലാണ് മുന്നേറുന്നത്. 18-44 വരെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ 1,04,16,614 പേര്‍ക്ക് ആദ്യ ഡോസും 4,59,927 പേര്‍ക്ക് രണ്ടാം ഡോസും വിതരണം ചെയ്തിട്ടുണ്ട്. 12,85,449 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസും 8,97,243 പേര്‍ക്ക് രണ്ടാം ഡോസും വിതരണം ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 6843 പേര്‍ക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 62.64 ലക്ഷം പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ വൈറസ് ബാധിച്ചത്. 1.31 ലക്ഷമാണ് ആകെ മരണസംഖ്യ. 

Content Highlights: Maharashtra becomes the first Indian state to fully vaccinate over 1 crore people