മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ നാന പടോലെ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹാരി സിര്‍വാളിന് കൈമാറി. നാന പടോലെ ഉടന്‍ മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് സൂചനകള്‍. 

ഭണ്ഡാര ജില്ലയിലെ സകോലിയില്‍ നിന്നുള്ള എംഎല്‍എ ആയ നാനാ പടോലെ റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ബാലസാഹേബ് തോറാട്ടിന് പകരമാണ് അധ്യക്ഷ സ്ഥാനത്തേക്കെത്തുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു. 

നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ പടോലെ 2014 ല്‍ എം.പിയായിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. മഹാ വികാസ് അഘാഡി മഹാരാഷ്ട്രയില്‍ ഭരണം പിടിച്ചപ്പോള്‍ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് പടോലെയെ ഏല്‍പ്പിക്കുകയായിരുന്നു.

മാര്‍ച്ച് ഒന്നിന് മഹാരാഷ്ട്ര നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നാന പടോലെയുടെ രാജി.

Content Highlights: Maharashtra Assembly Speaker Nana Patole Resigns from Post