Photo: ANI
മുംബൈ: 2022-ലെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷാരി കൈക്കൊണ്ട നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഭരിക്കുന്ന പാര്‍ട്ടിയിലെ എം.എല്‍.എ.മാര്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകള്‍ ഗവര്‍ണര്‍ക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള മതിയായ കാരണമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ജനാധിപത്യത്തിന്റെ സങ്കടപ്പെടുത്തുന്ന കാഴ്ചയാണിത്. ഒരു പ്രത്യേക ഫലം നടപ്പിലാക്കാന്‍ ഗവര്‍ണറുടെ ഓഫീസ് പ്രവര്‍ത്തിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.
വികസന ഫണ്ട്, ധാര്‍മികതയില്‍നിന്നുള്ള വ്യതിചലനം തുടങ്ങി ഒരു പാര്‍ട്ടിക്കുള്ളിലെ എം.എല്‍.എ.മാര്‍ തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. പക്ഷേ, അത് ഗവര്‍ണര്‍ക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍
മാത്രം മതിയായ ഒരു കാരണമാണോ എന്ന് കോടതി ചോദിച്ചു. ഗവര്‍ണറുടെ ഓഫീസ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്. വിശ്വാസവോട്ടെടുപ്പ് നടത്തുന്നത് തിരഞ്ഞെടുത്ത സര്‍ക്കാരിനെ താഴെയിറക്കുന്നതിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു.
2022 ജൂണില്‍ മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടിരുന്നു.
ഗവര്‍ണര്‍ക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായിരുന്നു. 34 ശിവസേന എം.എല്‍.എ.മാര്‍ ഉദ്ദവ് താക്കറേക്ക് പിന്തുണ പിന്‍വലിച്ച് കത്തെഴുതിയതടക്കമുള്ള കാരണങ്ങളുണ്ടായിരുന്നു. അത്തരത്തില്‍ നിരവധി സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പിന് വിളിച്ചതെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ഇതിന് മറുപടി പറയുകയായിരുന്നു കോടതി.
കോണ്‍ഗ്രസും എന്‍.സി.പി.യുമായുള്ള സഖ്യത്തില്‍നിന്ന് മൂന്നു കൊല്ലം കഴിഞ്ഞ് വേര്‍പിരിയാനുള്ള കാരണമെന്തായിരുന്നുവെന്ന് ഗവര്‍ണര്‍ ഈ 34 എം.എല്‍.എ.മാരോട് ചോദിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും കോടതി തുറന്നടിച്ചു. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് എം.ആര്‍. ഷാ, കൃഷ്ണ മുറാരി, ഹിമ കോഹ്ലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചംഗങ്ങള്‍.
Content Highlights: maharashta floor trust 2022, supreme court critics
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..