മുംബൈ: രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മഹാരാഷ്ട്രയില്‍നിന്ന് ബിജെപി 500 കോടി പിരിച്ചെടുത്തുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വക്താവുമായ സച്ചിന്‍ സാവന്താണ് ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. 

രാജസ്ഥാനിലെ എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ മഹാരാഷ്ട്രയിലെ വ്യവസായികളില്‍നിന്നും കെട്ടിടനിര്‍മ്മാതാക്കളില്‍നിന്നും പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ആദായനികുതി വകുപ്പിനെയും സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെയും ഉപയോഗിക്കുകയാണ്. വന്‍തോതില്‍ പണം ഒഴുക്കുകയും ചെയ്യുന്നു. 

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് -ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നിലും ഇത്തരം നീക്കങ്ങളാണ്. കര്‍ണാടക എംഎല്‍എമാരെ മുംബൈയിലെ ഹോട്ടലില്‍ പോലീസ് കസ്റ്റഡിയിലാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പാര്‍പ്പിച്ചിരുന്നത്. മുതിര്‍ന്ന ബിജെപി മന്ത്രിയുടെ വീട്ടില്‍ നടന്ന യോഗങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ കണ്ടതാണ്. ഇപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 500 കോടി പിരിച്ചെടുത്തുവെന്ന വിവരം വിശ്വസ്ത കേന്ദ്രങ്ങളില്‍നിന്നാണ് ലഭിച്ചിട്ടുള്ളത്. ഇക്കാര്യം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിനും ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം നടത്തുമെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചതെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.

Content Highlights: Maha BJP raised Rs 500 crore to topple Raj govt: Congress