ഉദയ്പുരിൽ നിന്ന് യാത്ര തിരിക്കുന്ന രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാർ |ഫോട്ടോ:പി.ടി.ഐ
ന്യൂഡല്‍ഹി: രാജ്യസഭാതിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കേ രാജസ്ഥാനില്‍ കുതിരക്കച്ചവടനീക്കം തകൃതി. എന്നാല്‍ കുതിരക്കച്ചവടം ഭയന്ന് ആഡംബര റിസോര്‍ട്ടുകളില്‍ അടച്ച എംഎല്‍എമാര്‍ കിട്ടിയ അവസരം പരമാവധി ആഘോഷിച്ച് മുതലാക്കുകയാണ്. പരസ്പരം ഭയന്ന് കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ എംഎല്‍എമാരെ ഹോട്ടലുകളില്‍ അടച്ചിട്ടിട്ടുണ്ട്.
ഉദയ്പുരിലുള്ള താജ് ആരവലി പഞ്ചനക്ഷത്ര ഹോട്ടലിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരുള്ളത്. ജൂണ്‍ രണ്ടിനാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഇങ്ങോട്ടേക്ക് മാറ്റിയത്. നാളെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്ന് ഉച്ചയോടെ ഇവരെ തലസ്ഥാനമായ ജയ്പുരിലെത്തിക്കും. തുടര്‍ന്ന് ജയ്പുരിലെ ഹോട്ടലിലായിരിക്കും തങ്ങുക.
കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗങ്ങളേയും റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. താജ് ആരവലിയില് അന്താക്ഷരി മുതല്‍ ക്രിക്കറ്റ് വരെ കളിച്ചും സ്വാദിഷ്ഠമായ ഭക്ഷണങ്ങള്‍ രുചിച്ചുമാണ് സമയം ചെലവിടുന്നത്.
ജയ്പൂരിലെ ജാംഡോളിയിലെ ദേവി രതന് ഹോട്ടലിലേക്ക് ബിജെപി എംഎല്‍എമാരെ മാറ്റിയിട്ടുണ്ടെങ്കിലും പാര്‍ട്ടി അതിനെ 'പരിശീലന ക്യാമ്പ്' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളെ തടയിടാന്‍ കോണ്‍ഗ്രസും ചില കരുനീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് ബിജെപി എംഎല്‍എമാരെ മാറ്റിയത്.
ആഘോഷമാക്കി കോണ്‍ഗ്രസ് എംഎല്‍എമാര്‍
ബിജെപി ക്യാമ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ട് എപ്പോഴും ഉത്സാവാന്തരീക്ഷത്തിലാണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. താജ് ആരവലി പഞ്ചനക്ഷത്ര ഹോട്ടലിലെ ചില വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. മാജിക് ഷോ, കായിക പ്രവര്‍ത്തനങ്ങള്‍, സാംസ്കാരിക സായാഹ്നങ്ങള്‍, ചൂടന്‍ ചര്‍ച്ചകള്‍ അങ്ങനെ പോകുന്ന അവിടുത്തെ വിശേഷങ്ങള്‍.
തിങ്കളാഴ്ച രാജസ്ഥാനിലെ പ്രമുഖ മജീഷ്യന്‍ അഞ്ചലിന്റെ നേതൃത്വത്തില്‍ ഷോ നടന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉള്‍പ്പടെയുള്ളവര്‍ ഷോ കാണാന്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു.
പച്ചപ്പ് നിറഞ്ഞ താജ് ആരവലി ഹോട്ടലിന്റെ പൂന്തോട്ടത്തിലൂടെയുള്ള പ്രഭാത നടത്തത്തിലൂടെയാണ് മിക്ക എംഎല്‍എമാരുടെയും ദിവസം തുടങ്ങുന്നത്. ചിലര്‍ ജിമ്മില്‍ സമയം ചെലവഴിക്കും. മറ്റു ചിലര്‍ ക്രിക്കറ്റ് കളിയിലേര്പ്പെടും. ചില എംഎല്‍എമാര്‍ സമയം ചെലവിടുന്ന സ്വിമ്മിങ് പൂളുകളിലാണ്.
അന്താക്ഷരയിടക്കമുള്ള പ്രവര്‍ത്തനങ്ങളിലാണ് വനിതാ എംഎല്‍എമാര്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. സിനമാ പ്രദര്‍ശനവും ഹോട്ടലില്‍ നടക്കുന്നുണ്ട്. ഇത്തരം ആഘോഷങ്ങള്‍ക്കിടയില്‍ അകത്തും പുറത്തുമായി നേതാക്കളുടെ രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ചകളും. രാജസ്ഥാന് കോണ്‍ഗ്രസ് അധ്യക്ഷനായ ഗോവിന്ദ് സിങ് ദോതസ്രയുടെ നേതൃത്വത്തിലാണ്റിസോര്ട്ടിനകത്തുള്ള ചര്‍ച്ചകള്‍.
യോഗയും ചര്‍ച്ചയുമായി ബിജെപി
മറുഭാഗത്ത് ജയ്പുരിലെ ഹോട്ടലില്‍ ബിജെപി എംഎല്‍എമാരുടെ ഒരു ദിനം തുടങ്ങുന്നത് യോഗയും മറ്റു വ്യായാമങ്ങളുമായിട്ടാണ്. പാര്‍ട്ടി നയങ്ങള്‍, പ്രത്യയശാസ്ത്രം, കഴിഞ്ഞ എട്ടുവര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നിവയെക്കുറിച്ചാണ് തങ്ങള്‍ ചര്‍ച്ച നടത്തുന്നതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
കോണ്‍ഗ്രസിന്റെ വലയില്‍ വീഴാതിരിക്കാനാണ് എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റിയതെങ്കിലും രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള പരിശീലനമാണ് ഇവിടെ നടക്കുന്നതെന്നാണ് അവരുടെ അവകാശവാദം. സംസ്ഥാനത്തെ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ സര്‍ക്കാരും ഭരണകക്ഷി എംഎല്‍എമാരും ആഘോഷതിമിര്പ്പിലാണെന്നാണ് ബിജെപിയുടെ ആരോപണം.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അപ്രതീക്ഷിത നീക്കം
കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതില്‍ അതൃപ്തി പുകയുന്നതിനിടയിലാണ് രാജസ്ഥാനില്‍ ബിജെപി അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്. മാധ്യമ മേധാവി സുഭാഷ് ചന്ദ്രയെ കോണ്‍ഗ്രസ് വിജയമുറപ്പിച്ച സീറ്റില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.
സീ മീഡിയാ കോര്‍പ്പറേഷന്റെ ഉടമസ്ഥരായ എസ്സെല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് സുഭാഷ് ചന്ദ്ര. രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്കുള്ള അഞ്ചാമത്തെ സ്ഥാനാര്‍ഥിയായിട്ടാണ് അദ്ദേഹത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.
നാല് രാജ്യസഭാ സീറ്റുകളാണ് രാജസ്ഥാനില്‍ ഒഴിവുള്ളത്. നിലവിലെ നിയമസഭാ കക്ഷിനിലയനുസരിച്ച് ഇതില്‍ മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബി.ജെ.പിയും ജയം ഉറപ്പിച്ചതായിരുന്നു.
പ്രമോദ് തിവാരി, രണ്‍ദീപ്സിങ് സുര്‍ജെവാല, മുകുള്‍ വാസ്നിക് എന്നിവരാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥികള്‍. മൂന്ന് പേരും രാജസ്ഥാനില്‍ നിന്ന് പുറത്തുള്ളവരാണ്. വസുന്ധര രാജെയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഘന്‍ശ്യാം തിവാരിയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.
200 അംഗ രാജസ്ഥാന് നിയമസഭയില്‍ ഒരു രാജ്യസഭാ സ്ഥാനാര്‍ഥിക്കു വേണ്ടത് 41 വോട്ടുകളാണ്. ഒരാള്‍ക്ക് 41 വോട്ടുവീതം 123 വോട്ടാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ വേണ്ടത്. 108 അംഗങ്ങളുള്ള കോണ്‍ഗ്രസ് 12 സ്വതന്ത്രരുടെയും രണ്ട് സി.പി.എം. അംഗങ്ങളുടെയും രണ്ട് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി അംഗങ്ങളുടെയും ഒരു ആര്.ജെ.ഡി. അംഗത്തിന്റെയും അടക്കം 125 പേരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. 71 അംഗങ്ങളുള്ള ബി.ജെ.പി.ക്ക് മൂന്ന് ആര്.എല്‍.പി. അംഗങ്ങളുടെയും പിന്തുണയുണ്ട്. അതിനാല്‍, പ്രധാന സ്ഥാനാര്‍ഥി ഘനശ്യാം തിവാരിക്കുപുറമേ സുഭാഷ് ചന്ദ്രകൂടി ജയിക്കണമെങ്കില്‍ എട്ടുപേര്‍കൂടി അനുകൂലിക്കണം. സ്വതന്ത്രനായി സുഭാഷ് ചന്ദ്രയെ ഇറക്കുന്നതിലൂടെ ചെറുപാര്‍ട്ടികളുടേയും സ്വതന്ത്രരുടേയും പിന്തുണ തങ്ങള്‍ക്ക് നേടിയെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..