
മദ്രാസ് ഹൈക്കോടതി | Photo: ANI
ചെന്നൈ: സ്വവര്‍ഗാനുരാഗികളുടെ അവകാശം സംരക്ഷിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി മദ്രാസ് ഹൈക്കോടതി. സ്വവര്ഗാനുരാഗാഭിമുഖ്യം മാറ്റുന്നതിനുള്ള ചികിത്സകള്‍ നിരോധിക്കുക, സ്വവര്‍ഗാനുരാഗികളെ സഹായിക്കുന്ന സര്‍ക്കാരിതര സംഘടനകളുടെ വിവരങ്ങള്‍ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് മുന്നോട്ടുവെച്ചത്. ബന്ധുക്കളില്‍നിന്ന് സുരക്ഷ ആവശ്യപ്പെട്ട് സ്വവര്‍ഗാനുരാഗികളായ രണ്ട് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചയായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. കേസ് ഓഗസ്റ്റ് എട്ടിന് വീണ്ടും പരിഗണിക്കും.
സ്വവര്‍ഗാനുരാഗികള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുന്നത് ആളുകളുടെ അറിവില്ലായ്മ കൊണ്ടാണ്. അറിവില്ലായ്മ വിവേചനപരമായ ഇടപെടലിനുള്ള ന്യായീകരണമല്ല. നിയമം കൊണ്ടുമാത്രം ഈ സ്ഥിതി മാറില്ല. സാമൂഹികതലത്തില്‍ ബോധവത്കരണമുണ്ടാകണം. പോലീസുകാര്‍, ന്യായാധിപര്‍, സന്നദ്ധപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സ്വവര്‍ഗാനുരാഗികളുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കും ബോധവത്കരണം നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബോധവത്കരണ പരിപാടികള്‍ നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഒരേ ലിംഗത്തില്‍പ്പെട്ട രണ്ട് പേര് സൗഹൃദത്തിലാകുന്നതും ജീവിതകാലം മുഴുവന്‍ ഒരുമിച്ച് താമസിക്കുന്നതും സമൂഹം അംഗീകരിക്കും. എന്നാല്‍, ഇതേ ആളുകള്‍ സ്വവര്‍ഗലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അംഗീകരിക്കില്ല. ഈ സ്ഥിതി മാറണം. കാണാതായ ആളെ അന്വേഷിക്കുമ്പോള്‍ സ്വവര്ഗാനുരാഗബന്ധമാണ് ഒളിച്ചോട്ടത്തിന് കാരണമെന്ന് കണ്ടെത്തിയാല്‍ ബന്ധത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരുടെയും മൊഴിയെടുത്ത് അതിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കണം. സ്വവര്‍ഗാനുരാഗികളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണം. സ്വവര്ഗാനുരാഗാഭിമുഖ്യം മാറ്റുന്നതിനുള്ള ചികിത്സ നിരോധിക്കുകയും ഇത്തരം ചികിത്സയില്‍ ഇടപെടുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുകയും വേണം. അഗതിമന്ദിരങ്ങളില്‍ സ്വവര്‍ഗാനുരാഗികളെയും താമസിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. എട്ട് ആഴ്ചയ്ക്കുള്ളില്‍ ഈ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
സ്വവര്‍ഗാനുരാഗികളെ മനസ്സിലാക്കാന്‍ കൗണ്‍സലിങ്ങിന് വിധേയനായി ജഡ്ജി
ചെന്നൈ: സ്വവര്‍ഗാനുരാഗികളെ മനസ്സിലാക്കാന്‍ താന്‍ കൗണ്‍സലിങ്ങിന് വിധേയനായെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ്. സമൂഹത്തിലെ ഭൂരിപക്ഷം ആളുകളെയുംപോലെ താനും മുന്‍ധാരണയോടെയായിരുന്നു സ്വവര്‍ഗാനുരാഗികളെക്കുറിച്ച് മനസ്സിലാക്കിയിരുന്നത്. അവരുടെ സ്ഥാനത്തുനിന്ന് ചിന്തിക്കാന്‍ സാധിച്ചിരുന്നില്ലെന്നും മാനസികാരോഗ്യ വിദഗ്ധയുടെ കൗണ്‍സലിങ്ങിലൂടെ മാനോഭാവം മാറ്റിയെന്നും ജഡ്ജി വിശദീകരിച്ചു.
'എതിര്‍ലിംഗത്തിലുള്ളവരോടുള്ള ലൈംഗികാര്‍ഷണം അസ്വാഭാവികമായി തോന്നിയിട്ടില്ല. എന്നാല്‍ സ്വവര്‍ഗാനുരാഗം തോന്നിയിട്ടില്ലാത്തതിനാല്‍ അതിനെക്കുറിച്ച് ശരിയായ ധാരണയുണ്ടായിരുന്നില്ല. കൗണ്‍സലിങ്ങിന് വിധേയമായതിലൂടെ മനോഭാവം മാറി' -ജസ്റ്റിസ് വെങ്കിടേശ് ഹര്‍ജി പരിഗണിക്കുന്നതിനിടെ പറഞ്ഞു.
Content Highlights: Madras High Court bans medical attempts to cure sexual orientation; suggests changes to school curricula to educate students on LGBTQ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..