ഭോപ്പാല്‍: ഉത്തര്‍പ്രദേശിന്റെ വിവാദമായ പുതിയ ജനസംഖ്യാനിയന്ത്രണ നിര്‍ദേശത്തിന് സമാനമായ നിയമം മധ്യപ്രദേശിലും നടപ്പാക്കണമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. ഉത്തര്‍പ്രദേശിന് സമാനമായ നിയമം വേണമെന്ന് ബി.ജെ.പി. നേതാവ് മഹേന്ദ്ര സിങ് സിസോദിയ ആവശ്യപ്പെട്ടു.  

ജനസംഖ്യ നിയന്ത്രിക്കുന്നതിന് ധാരാളം നിയമങ്ങളുണ്ടെങ്കിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടതുണ്ടെന്ന് മഹേന്ദ്ര സിങ് സിസോദിയ പറഞ്ഞു. കാരണം, മുസ്ലീങ്ങള്‍ രണ്ട് മൂന്ന് തവണ വിവാഹം കഴിക്കുകയും 10 കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാതി-മത ഭേദമന്യേ കുട്ടികളുടെ എണ്ണം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇന്ത്യയിലെ ഉയര്‍ന്ന ജനസംഖ്യയുടെ ഉത്തരവാദിത്തം മുസ്ലീങ്ങള്‍ക്കാണെന്ന് സിംഗ്രോളിയില്‍ നിന്നുള്ള ബിജെപി എം.എല്‍.എ. രാം ലല്ലു വൈശ്യ പറഞ്ഞു. "നമ്മുടെ നയം നാം രണ്ട്, നമുക്ക് രണ്ട് എന്നതായിരുന്നു. പക്ഷേ അത് വിജയിച്ചോ? ഹിന്ദുക്കളോട് വന്ധ്യംകരണം നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും മറ്റുള്ളവരെ ഒഴിവാക്കി. ഇത് സംഭവിക്കരുത് "- രാം ലല്ലു വൈശ്യ പറഞ്ഞു. 

എന്നാല്‍ ഭരണകക്ഷി നേതാക്കളുടെ ആവശ്യത്തിനെതിരേ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത് വന്നു. സ്വാതന്ത്ര്യസമയത്ത് 40 കോടി ഉണ്ടായിരുന്ന ജനസംഖ്യ ഇപ്പോള്‍ 130 കോടിയായി. സമാനമായ രീതിയില്‍ മുസ്ലീങ്ങളുടെ ജനസംഖ്യയും ഉയര്‍ന്നിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, യു.പി തിരഞ്ഞെടുപ്പാണ് - ഭോപ്പാലില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ആരിഫ് മസൂദ് പറഞ്ഞു. 2011-ലെ സെന്‍സെസ് പ്രകാരം ജനസംഖ്യ ഏറ്റവും കൂടുതലുള്ള ആറാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. 

ജൂലൈ 11 പുതിയൊരു കരട് ബില്ല് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ജനങ്ങളുടെ അഭിപ്രായം കൂടി അറിയാനായിരുന്നു ഇത്. ഇത് പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ, ഗവണ്‍മെന്റ് ജോലിക്ക് അപേക്ഷിക്കാനോ മറ്റ് സബ്സിഡി നേടാനോ സാധിക്കില്ല.

Content Highlights: madhyapradesh argues for a population control law in state