ഭോപ്പാല്‍: ഭര്‍ത്താവിന്റെ കുടുംബത്തില്‍പ്പെട്ട ആളെ ചുമലിലെടുപ്പിച്ച് ദളിത് സ്ത്രീയെ കിലോമീറ്ററുകളോളം നടത്തിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. മധ്യപ്രദേശില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ജനക്കൂട്ടം സ്ത്രീയെ ചീത്തവിളിക്കുന്നതും അപമാനിക്കുന്നതും വടിയുപയോഗിച്ച് തല്ലുന്നതും വീഡിയോയില്‍ കാണാം.

മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ സഗായ് ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം ഗ്രാമത്തില്‍ കഴിയുകയായിരുന്ന യുവതിയെ ഭര്‍ത്താവിന്റെ ഗ്രാമത്തില്‍നിന്ന് ഭര്‍തൃവീട്ടുകാരുടെ സംഘമെത്തി ഉപദ്രവിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നും അക്രമം നടത്തിയത്. 

ഒരു സംഘം ആളുകള്‍ വടികളും ക്രിക്കറ്റ് ബാറ്റുകളുമായി സ്ത്രീയ ഉപദ്രവിക്കുന്നതും ബലംപ്രയോഗിച്ച് ഒരാളെ ചുമലിലെടുപ്പിച്ച് റോഡിലൂടെ നടത്തുന്നതുമാണ് വീഡിയോയിലുള്ളത്. ഭര്‍ത്താവിന്റെകുടുംബത്തില്‍പ്പെട്ട ഒരാളെയാണ് ചുമലിലെടുപ്പിച്ചിരിക്കുന്നത്. മൂന്നു കിലോമീറ്റര്‍ ദൂരം ഇയാളെയും വഹിച്ച് യുവതിയെ നടത്തിച്ചതായും പോലീസ് പറയുന്നു.

നേരത്തെയും സമാനമായ സംഭവങ്ങള്‍ മധ്യപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ ഉപദ്രവിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഭര്‍ത്താവിനെ ചുമലിലേറ്റി യുവതിയെ നടത്തിക്കുന്നതിന്റെ ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു.

Content Highlights: Madhya Pradesh Woman Shamed, Forced To Walk With In-Laws On Shoulders