ന്യൂഡല്‍ഹി: മധ്യപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചു. മധ്യപ്രദേശില്‍ 2013-നെ മറികടന്ന് 74.6 ശതമാനം പോളിങ് രേഖപ്പെടുത്തി. 2013-ല്‍ 72.7 ശതമാനമായിരുന്നു പോളിങ്. 230 സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്. അതേ സമയം മിസോറാമില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് കുറഞ്ഞ് 74.6 ശതമാനം രേഖപ്പെടുത്തി. 2013-ല്‍ 83.4 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. മിസോറാമില്‍ 40 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഇരു സംസ്ഥാനങ്ങളിലും കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മധ്യപ്രദേശില്‍ നൂറോളം വോട്ടിങ്‌മെഷീനുകളില്‍ തകരാര്‍ കണ്ടെത്തി. വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താന്‍ ശ്രമം നടന്നായി കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയും കമല്‍നാഥും ആരോപിച്ചു. കമല്‍നാഥ് തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി ബിജെപിയും പരാതി നല്‍കി. 140-ന് മുകളില്‍ സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെട്ട കമല്‍നാഥ് വോട്ടെടുപ്പ് വൈകിയ ബൂത്തുകളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. 

ഭരണവിരുദ്ധവികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജനപ്രിയത ആയുധമാക്കാന്‍ ബി.ജെ.പി.യും ശ്രമിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലം അവസാനിച്ചത് ഇരുകൂട്ടരും വ്യക്തിഗത ആരോപണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതു കണ്ടുകൊണ്ടാണ്. 15വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന ഭരിച്ച ബിജെപി ഭരണതുടര്‍ച്ചയുണ്ടാകുമെന്നാണ് അവകാശപ്പെടുന്നത്.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന നാല് സംസ്ഥാനങ്ങളിലൊന്നാണ് മിസോറാം. ബിജെപിക്ക് ഇവിടെ കാര്യമായ സ്വാധീനമില്ലെങ്കിലും 40-ല്‍ 39 സീറ്റുകളിലും അവര്‍ മത്സരിക്കുന്നുണ്ട്. മിസോറാം നാഷണല്‍ ഫ്രണ്ടാണ് പ്രധാന പ്രതിപക്ഷം.

Content Highlights: Madhya Pradesh, Mizoram, Niyamasbaha election 2018