-
ഭോപ്പാല്‍: മധ്യപ്രദേശ് ബര്‍വാനിയില്‍ സിഖ് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്.പ്രേം സിങ് എന്ന യുവാവാണ് പോലീസിന്റെ അതിക്രമത്തിന് ഇരയായത്. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ പോലീസ് അതിക്രമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്.
50 സെക്കന്‍ഡ് ദൈര്‍ഘ്യമുളള വീഡിയോയില്‍ പോലീസ് ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ വെച്ച് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നത് കാണാം. പ്രേംസിങ്ങിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ടര്ബന് ധരിച്ച വ്യക്തിയെ മറ്റൊരു പോലീസുകാരന് പിടിച്ചുതള്ളുന്നതും വീഡിയോയില്‍ ദൃശ്യമാണ് 'അവര്‍ ഞങ്ങളെ അടിക്കുകയാണ്. അവര്‍ ഞങ്ങളെ കൊല്ലുകയാണ്. ഞങ്ങളുടെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയാണ്.'എന്നെല്ലാം പറഞ്ഞ് ഉച്ചത്തില്‍ കരയുന്ന പ്രേംസിങ് ചുറ്റുംകൂടി നില്ക്കുന്നവരോട് രക്ഷിക്കാന്‍ അഭ്യര്ത്ഥിക്കുന്നമുണ്ട്.
സംഭവം വിവാദമായതോടെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സീതാറാം യാദവിനെയും ഹെഡ് കോണ്‍സ്റ്റബിള്‍ മോഹന്‍ ജാമ്രയെയും സസ്പെന്‍ഡ് ചെയ്തതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ട്വീറ്റ് ചെയ്തു. 'ബര്വാനിയിലുണ്ടായ ക്രൂരമായ സംഭവം എന്നെ വേദനിപ്പിക്കുന്നു. ഇത്തരം ക്രൂരതയും തെറ്റായ പെരുമാറ്റവും ഒരു കാരണവശാലും പൊറുക്കാനാവില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും.' ചൗഹാന് ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥും സംഭവത്തെ വിമര്‍ശിച്ചു. 'പോലീസ് സ്റ്റേഷന് സമീപം കടനടത്തുന്ന പ്രേം സിങ് ഗ്രാന്തി എന്ന സിഖ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു. ടര്ബന് തലയില്‍ നിന്നു നീക്കം ചെയ്തു. മുടിയില്‍ പിടിച്ചുവലിച്ച് മര്‍ദിച്ചു.'കമല്‍നാഥ് ട്വീറ്റ് ചെയ്തു.
സംസ്ഥാന കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജയും പോലീസിനെ വിമര്‍ശിച്ച് രംഗത്തെത്തി. സിഖ് സമുദായത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് കുററപ്പെടുത്തിയ സലൂജ കൈക്കൂലി നല്കാന് വിസമ്മതിച്ചതിനാണ് പോലീസുകാര്‍ പ്രേമിനെ ഉപദ്രവിച്ചതെന്നും ആരോപിച്ചു.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ബര്‍വാനി എസ്പി നിമിഷ് അഗര്‍വാള്‍ അറിയിച്ചു.
Content Highlights:Madhya Pradesh Police drags Sikh man by hair
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..