ഭോപ്പാൽ: യാഗം നടത്തിയാൽ കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ട് ബി.ജെ.പി. മന്ത്രി. മധ്യപ്രദേശ് സാംസ്കാരിക മന്ത്രിയായ ഉഷ താക്കൂറാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്. കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ജനങ്ങൾ നാല് ദിവസം 'യാഗ ചികിത്സ' നടത്തണമെന്നാണ് മന്ത്രിയുടെ നിർദേശം.

ഇൻഡോറിലെ പുതിയ കോവിഡ് കെയർ സെന്റർ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി വിചിത്രവാദം ഉന്നയിച്ചത്‌. പഴയകാലങ്ങളിൽ പകർച്ചവ്യാധികളിൽനിന്ന് രക്ഷനേടാൻ പൂർവികർ യാഗം ചെയ്യാറുണ്ടെന്ന് കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ നിർദേശം.

'പരിസ്ഥിതി ശുദ്ധീകരിക്കാനായി നാല് ദിവസം യാഗം നടത്തണം. ഇതാണ് യാഗ ചികിത്സ. പകർവ്യാധികളിൽനിന്ന് രക്ഷ നേടാനായി പഴയ കാലങ്ങളിൽ നമ്മുടെ പൂർവികർ യാഗം നടത്തിയിരുന്നു. നമുക്കെല്ലാവർക്കും പരിസ്ഥിതിയെ ശുദ്ധീകരിക്കാം. അങ്ങനെയെങ്കിൽ കോവിഡ് മൂന്നാം തരംഗത്തിന് ഇന്ത്യയെ തൊടാൻ പോലും സാധിക്കില്ല.'- ഉഷ താക്കൂർ പറഞ്ഞു.

കോവിഡ് മൂന്നാം തരംഗം ആദ്യം കുട്ടികളെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതിനെ നേരിടാൻ മധ്യപ്രദേശ് സർക്കാർ പൂർണമായ തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും വിജയകരമായി കോവിഡിനെ മറികടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ ഇൻഡോർ വിമാനത്താവളത്തിലെ പ്രതിമയ്ക്ക് മുന്നിൽ കോവിഡിനെ തുടച്ചു നീക്കാനായി ഉഷാ താക്കൂർ പരസ്യമായി പൂജ നടത്തിയതും വിവാദമായിരുന്നു.

contetn highlights:Madhya Pradesh Minister Usha Thakur Suggests Performing yagna To Prevent Third Wave