ഭോപ്പാല്‍: ടിക് ടോക്ക് വീഡിയോയിലൂടെ മാസ്‌കിനെ പരിഹസിച്ച യുവാവിന് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു.

വെറുമൊരു തുണിക്കഷണത്തിലല്ല, ദൈവത്തില്‍ വിശ്വസിക്കൂ എന്നായിരുന്നു ഇയാളുടെ പരിഹാസം. മധ്യപ്രദേശിലെ സാഗര്‍ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 

ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് എല്ലാ സുഹൃത്തുക്കളും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വീഡിയോയും ടിക് ടോക്കില്‍ പങ്കുവെച്ചു.

അധികൃതര്‍ ഇപ്പോള്‍ യുവാവിന്റെ മൊബൈല്‍ഫോണ്‍ വാങ്ങി വെച്ചിരിക്കുകയാണ്. 

ഇലക്ട്രീഷ്യനായി പ്രവര്‍ത്തിച്ചു വരുന്ന യുവാവിന് ടിക് ടോക്കില്‍ നിരവധി ആരാധകരുണ്ട്.  മാസ്‌കിനെ പരിഹസിക്കുന്ന ഇയാളുടെ വീഡിയോ വൈറലായിരുന്നു. 

മധ്യപ്രദേശില്‍ ഇതുവരെ 532 കൊറോണകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയി. 

 

Content Highlights: Madhya Pradesh Man Who Mocked Masks On TikTok Tests Coronavirus Positive