ഭോപ്പാല്‍: കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഭോപ്പാലിലും ഇന്ദോറിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഞായറാഴ്ച മുതലോ തിങ്കളാഴ്ച മുതലോ ആയിരിക്കും ഈ രണ്ടു ജില്ലകളിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി തുടങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വെളളിയാഴ്ച വൈകുന്നേരം ചേര്‍ന്ന അവലോകന യോഗത്തിനു ശേഷമാണ് ചൗഹാന്‍ ഇക്കാര്യം പറഞ്ഞത്.

കോവിഡ് കേസുകളുടെ കര്‍വ് ഫ്‌ളാറ്റന്‍ ചെയ്യുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കും. ഭോപ്പാലിലും ഇന്ദോറിലും ഞായറാഴ്ച അല്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും. കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍നിന്ന് വിമാനത്തിലോ തീവണ്ടിയിലോ റോഡ് മാര്‍ഗമോ വരുന്നവരെ താപ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ചൗഹാന്‍ പറഞ്ഞു. 

മഹാരാഷ്ട്രയില്‍നിന്ന് മധ്യപ്രദേശിലേക്കുള്ള ആളുകളുടെ വരവിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികാരികള്‍ ഉറപ്പുവരുത്തണമെന്നും ചൗഹാന്‍ നിര്‍ദേശം നല്‍കി. 

വെള്ളിയാഴ്ച മധ്യപ്രദേശില്‍ 603 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് ബാധ രൂക്ഷമായ ഇന്ദോറില്‍ 219 പേര്‍ക്കു കൂടി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്ദോറിലെ ആകെ രോഗബാധിതരുടെ എണ്ണം 61,642 ആയി. അതേസമയം ഭോപ്പാലില്‍ 138 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഭോപ്പാലിലെ ആകെ രോഗബാധിതരുടെ എണ്ണം 45,079 ആയി. ഇന്ദോറില്‍ ഇതുവരെ 940 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഭോപ്പാലില്‍ 621 പേരും രോഗബാധയെ തുടര്‍ന്ന് മരിച്ചു. 

content highlights: madhya pradesh likely to impose night curfew in bhopal and indore