ഭോപ്പാല്‍: കോവിഡ് വ്യാപനംകുറഞ്ഞ പശ്ചാത്തലത്തില്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

എല്ലാ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മതസമുദായ-കായിക പരിപാടികളും സമ്മേളനങ്ങളും കോവിഡ് കാലത്തിന് മുന്‍പുള്ളതുപോലെ തുടരാമെന്ന് അദ്ദേഹം അറിയിച്ചു. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണമുണ്ടാവില്ല. സിനിമാ തീയേറ്ററുകള്‍, മാളുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിം, യോഗ സെന്ററുകള്‍, ഹോട്ടലുകള്‍, ക്ലബ്ബുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, പരിശീലന ക്ലാസ്സുകള്‍ എന്നിവ 100 ശതമാനം പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കാം. രാത്രി നിയന്ത്രണങ്ങളും പിന്‍വലിക്കും. 

അതേസമയം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാലും കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാണ്. പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

കോവിഡ് മഹാമാരി ആരംഭിച്ച ഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പൂര്‍ണമായും പിന്‍വലിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ബുധനാഴ്ച 78 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

Content Highlights: Madhya Pradesh lifts COVID-19 restrictions completely