പ്രതീകാത്മകചിത്രം | Photo: Mathrubhumi
ജബല്‍പുര്‍(മധ്യപ്രദേശ്): കൊലപാതകക്കേസില്‍പ്പെട്ട ആദിവാസി എം.ബി.ബി.എസ്. വിദ്യാര്‍ഥിയെ 13 കൊല്ലത്തിനുശേഷം മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. വൈകിലഭിച്ച നീതിക്കുള്ള നഷ്ടപരിഹാരമായി വിദ്യാര്‍ഥിക്ക് 42 ലക്ഷം രൂപ നല്കാന് സംസ്ഥാനസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ജോണ്ട് വിഭാഗത്തില്‍പ്പെട്ട 34-കാരനായ ചന്ദ്രേഷ് മര്‍സ്കോളെയ്ക്കാണ് ചെയ്യാത്ത കുറ്റത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നത് .
കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ച സെഷന്‍സ് കോടതി വിധിക്കെതിരേ ചന്ദ്രേഷ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഭോപാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാന്ധി മെഡിക്കല്‍ കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെ 2008-ലാണ് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് ചന്ദ്രേഷ് അറസ്റ്റിലാകുന്നത്. കാണാതായി മൂന്നാംദിവസം യുവതിയുടെ മൃതദേഹം പച്മറിയില്‍നിന്ന് കണ്ടെത്തുകയായിരുന്നു.
കേസില്‍ ചന്ദ്രേഷിനെ കുടുക്കാന്‍ പോലീസ് മനഃപൂര്‍വം പ്രവര്‍ത്തിച്ചതായി കോടതി നിരീക്ഷിച്ചു. കലാലയ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെ പ്രോസിക്യൂഷന് സാക്ഷി ഹേമന്ത് വര്‍മയ്ക്ക് ചന്ദ്രേഷിനോടുണ്ടായ വിരോധമാണ് കള്ളക്കേസിനുപിന്നില്‍. ഇതിനായി ഭോപാല്‍ പോലീസ് ഐ.ജി. ഷൈലേന്ദ്ര ശ്രീവാസ്തവയുമായുള്ള വ്യക്തിബന്ധം ഹേമന്ത് ഉപയോഗപ്പെടുത്തിയതായും കോടതി വിലയിരുത്തി. കൊലപാതകത്തില്‍ ഹേമന്തിനും ഷൈലേന്ദ്രയ്ക്കും പങ്കുണ്ടാകാമെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.
ജസ്റ്റിസുമാരായ അതുല്‍ ശ്രീധരന്, സുനിത യാദവ് എന്നിവരുടേതാണ് വിധി. 'നിരപരാധിയായ ചന്ദ്രേഷിന് 4740 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. ഇതിന് നഷ്ടപരിഹാരമായി ഉത്തരവിറങ്ങി 90 ദിവസത്തിനുള്ളില്‍ 42 ലക്ഷം രൂപം അദ്ദേഹത്തിനുനല്‍കണം. ഇതിനുകഴിഞ്ഞില്ലെങ്കില്‍ പണം നല്കുന്ന ദിവസംവരെ പ്രതിവര്‍ഷം ഒമ്പതുശതമാനം നിരക്കില്‍ പലിശ നല്‍കേണ്ടിവരും' -ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞന് നന്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയും ജഡ്ജിമാര്‍ ഉദ്ധരിച്ചു.
Content Highlights: madhya pradesh high court acquits former mbbs student who convicted in murder of girl friend
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..