മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ | Photo: ANI
ഭോപ്പാൽ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് റാലികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. അടുത്തമാസം 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പൊതുസമ്മേളനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുളള ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്.
ഒഴിച്ചുകൂടാനാകാത്ത കാരണങ്ങളില്ലാതെ ഒരു മത്സരാർഥിക്കും രാഷ്ട്രീയ പാർട്ടിക്കും പൊതുസമ്മേളനങ്ങൾ നടത്തുന്നതിന് അനുമതി നൽകരുതെന്ന് ജില്ലാ മജിസ്ട്രേറ്റുമാരോട് കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പങ്കെടുക്കേണ്ടിയിരുന്ന അശോക് നഗറിലെ ശദോറ, ഭണ്ഡെർ എന്നിവിടങ്ങളിലെ റാലികൾ റദ്ദാക്കി. തുടർന്ന് വീഡിയോ സന്ദേശത്തിലൂടെ മുഖ്യമന്ത്രി ജനങ്ങളോട് ക്ഷമ ചോദിച്ചിരുന്നു.
'ഹൈക്കോടതിയെയും അതിന്റെ തീരുമാനത്തെയും ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ ഈ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ ഞങ്ങൾ സമീപിക്കും. കാരണം ഒരേ രാജ്യത്ത് രണ്ടുനിയമങ്ങൾ ഉളളതുപോലെയാണ് തോന്നുന്നത്.' ചൗഹാൻ പറഞ്ഞു.
'മധ്യപ്രദേശിന്റെ ചിലഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് റാലികൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ചില പ്രദേശങ്ങളിൽ നിരോധനവും. ബിഹാറിൽ തിരഞ്ഞെടുപ്പ് റാലികൾ നടത്തുന്നുണ്ട്. എന്നാൽ മധ്യപ്രദേശിന്റെ ഒരു ഭാഗത്ത് അത് നടത്താൻ അനുമതിയില്ല. അതിനാൽ ഞങ്ങൾ നീതിക്കുവേണ്ടി സുപ്രീംകോടതിയെ സമീപിക്കും.' അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറിനും മുൻമുഖ്യമന്ത്രി കമൽനാഥിനുമെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യാൻ കഴിഞ്ഞ ദിവസം ഉത്തരവിടുന്നതിനിടയിലാണ് ഡിവിഷൻ ബെഞ്ച് രാഷ്ട്രീയ റാലികൾക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടത്.
വെർച്വൽ തിരഞ്ഞെടുപ്പ് പ്രചരണം സാധ്യമല്ലെന്ന് ജില്ലാ മജിസ്ട്രേറ്റിനെ ബോധ്യപ്പെടുത്താൻ സ്ഥാനാർഥികൾക്കോ, പാർട്ടിക്കോ കഴിഞ്ഞാൽ മാത്രമേ തിരഞ്ഞെടുപ്പ് റാലികൾക്ക് അനുമതി ലഭിക്കുകയുളളൂ. അഥവാ റാലികൾക്ക് അനുമതി ലഭിക്കുകയാണെങ്കിൽ തന്നെ റാലികളിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ മാസ്കിന്റെയും സാനിറ്റൈസറിന്റെയും ഇരട്ടി തുക ജില്ലാ മജിസ്ട്രേറ്റിൽ സ്ഥാനാർഥിയോ പാർട്ടിയോ മുൻകൂറായി കെട്ടിവെയ്ക്കുകയും വേണം.
Content Highlights:Madhya Pradesh Govt to approach Supreme Court against the decision of High court to restrict Rallies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..