ഭോപ്പാൽ: കോവിഡ് വ്യാപന സാഹചര്യത്തിൽ മധ്യപ്രദേശിൽ ഏർപ്പെടുത്തിയ ജനതാ കർഫ്യൂ മേയ് 15 വരെ നീട്ടിയതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. സംസ്ഥാനത്ത് വിവാഹങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ആഘോഷ പരിപാടികളും മേയ് 15 വരെ നിർത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.

ആളുകൾ ഒത്തുചേരുന്നത് കോവിഡ് സൂപ്പർ സ്പ്രെഡിന് കാരണമാകുമെന്നതിനാൽ വിവാഹ ചടങ്ങുകൾ മാറ്റിവയ്ക്കണം. ജനങ്ങൾ കൂട്ടംകൂടുന്നത് കുറയ്ക്കാൻ എല്ലാ ജില്ലകളും നടപടി സ്വീകരിക്കണമെന്നും മേയ് മാസത്തിൽ വിവാഹങ്ങൾക്ക് അനുമതി നൽകേണ്ടെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

കോവിഡ് കർഫ്യൂ കർശനമായി പാലിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ രാജ്യവും സംസ്ഥാനവും ലോകവും കോവിഡിനെതിരേ പോരാടുകയാണ്. വരും ദിവസങ്ങളിൽ സാധാരണ ജീവിതം പുനരാരംഭിക്കാനാണ് ഇപ്പോൾ കർശന നടപടികൾ സ്വീകരിക്കുന്നത്. യാതൊരു വീഴ്ചയുമില്ലാതെ കർഫ്യു നടപ്പാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നുംമുഖ്യമന്ത്രി നിർദേശിച്ചു.

ഏപ്രിൽ 21 വരെ കോവിഡ് വ്യാപനത്തിൽ മധ്യപ്രദേശ് ഏഴാം സ്ഥാനത്തായിരുന്നു. എന്നാൽ ജനങ്ങളുടെ പിന്തുണയോടെ സംസ്ഥാനം 14-ാം സ്ഥാനത്തേക്ക് താഴ്ന്നു. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 25ൽ നിന്നും 18 ആയി കുറഞ്ഞു. രോഗമുക്തി നിരക്ക് 85.13 ശതമാനമായി ഉയർന്നു. സർക്കാരിന് പിന്തുണ നൽകിയ ജനങ്ങൾ, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, സംഘടനകൾ എന്നിവരോട് കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights:Madhya Pradesh extends Covid curfew till May 15 CM Chouhan asks people to defer weddings