ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിനിലുണ്ടായ പൊട്ടിത്തെറിയില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഭോപ്പാല്‍-ഉജ്ജൈന്‍ പാസഞ്ചറിലാണ് ഇന്ന് രാവിലെ 10 മണിയോടെ പൊട്ടിത്തെറിയുണ്ടായത്.

ഭോപ്പാലില്‍ നിന്ന് ഉജ്ജയിനിലേക്ക് വരുന്നതിനിടെ ജബ്ദി  സ്റ്റേഷനടുത്ത് വെച്ചാണ്‌ പൊട്ടിത്തെറിയുണ്ടായതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഭോപ്പലിന് സമീപമുള്ള സ്റ്റേഷനാണിത്. പരിക്കേറ്റവരെ കലപിപാലിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രെയിനിലെ വിന്‍ഡോ ഗ്ലാസുകള്‍ തകര്‍ന്നാണ് പലര്‍ക്കും പരിക്കേറ്റിട്ടുള്ളത്. പൊട്ടിത്തെറിയുടെ കാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജില്ലാ കളക്ടറുടേയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.

അപകടത്തില്‍ സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ഗുരതരമല്ലാത്ത പരിക്കേറ്റവര്‍ക്ക് 25,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ ചികിത്സാസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.