ഭോപ്പാൽ: അഞ്ച് ദിവസങ്ങൾക്കിടെ രണ്ട് യുവതികളെ വിവാഹം കഴിച്ച് മുങ്ങിയ സോഫ്റ്റ് വെയർ എൻജിനീയർക്കായി പോലീസ് തിരച്ചിൽ തുടരുന്നു. മധ്യപ്രദേശിലാണ് സംഭവം. ഇരുപത്താറുകാരനായ എൻജിനീയറുടെ വിവാഹക്കെണിയിൽ കുടുങ്ങിയ യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം.

ഇൻഡോർ സ്വദേശിയായ പ്രതി ഡിസംബർ രണ്ടിനാണ് ഖാണ്ഡ് വയിൽ നിന്നുള്ള യുവതിയെ വിവാഹം ചെയ്തത്. ദിവസങ്ങൾക്ക് ശേഷം ഒഴിവാക്കാനാവാത്ത ജോലിത്തിരക്കെന്ന കാരണം പറഞ്ഞ് പ്രതി ഭോപ്പാലിലേക്ക് പോയി. ഡിസംബർ ഏഴിന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധു വരന്റെ ചിത്രങ്ങൾ അയച്ചു നൽകിയപ്പോഴാണ് യുവതിയുടെ ബന്ധുക്കൾ ചതി തിരിച്ചറിഞ്ഞത്.

തുടർന്ന് യുവതിയുടെ വീട്ടുകാർ പോലീസിന് പരാതി നൽകി. പത്ത് ലക്ഷം രൂപയും വീട്ടുപകരണങ്ങളും വിവാഹത്തോടനുബന്ധിച്ച് നൽകിയതായി യുവതിയുടെ ബന്ധുക്കൾ പരാതിയിൽ പറഞ്ഞു. വിവാഹശേഷം യുവതിയെ പ്രതി ഇൻഡോറിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. പിന്നീടാണ് ഭോപ്പാലിലേക്കെന്ന് പറഞ്ഞ് യുവാവ് മുങ്ങിയത്.

മാതാപിതാക്കൾ, സഹോദരി, ബന്ധുക്കൾ എന്നിവർക്കൊപ്പമാണ് യുവാവ് വിവാഹത്തിനെത്തിയതെന്നും പരാതിയിലുണ്ട്. ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു തന്റേതെന്ന് രണ്ടാമത് വിവാഹം കഴിച്ച യുവതി പറഞ്ഞതായി ആദ്യയുവതിയുടെ വീട്ടുകാർ പോലീസിനെ അറിയിച്ചു. ഡിസംബർ ഏഴിന് ശേഷം പ്രതി വീട്ടിലേക്ക് മടങ്ങിയില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്തതായും പരാതിയിൽ പറയുന്നു.

മുങ്ങിയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Content Highlights: Madhya Pradesh engineer marries 2 women in 5 days, flees