ഭോപ്പാല്‍: മുന്‍മന്ത്രിയുള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജിവെച്ചു. ചികിത്സയിലിരുന്ന രോഗി മരിച്ചതിനെ തുടര്‍ന്നാണ് മുന്‍മന്ത്രി പി സി ശര്‍മയുള്‍പ്പെടെയുള്ളവര്‍ ഡോക്ടറോട് മോശമായി പ്രതികരിച്ചത്. 

ചില രാഷ്ട്രീയ നേതാക്കള്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് സീനിയര്‍ ഡോക്ടറായ യോഗേന്ദ്ര ശ്രീവാസ്തവ ശനിയാഴ്ച രാജി വെച്ചതായി ജെപി സര്‍ക്കാര്‍ ആശുപത്രി സിവില്‍ സര്‍ജന്‍ ഡോക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. മരിച്ച രോഗിയെ അതിഗുരുതരാവസ്ഥയിലാണ് ശനിയാഴ്ച രാവിലെ ട്രോമ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്നും രോഗിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടര്‍ യോഗേന്ദ്ര ബന്ധുക്കളെ അറിയിച്ചിരുന്നതായും ഡോക്ടര്‍ രാകേഷ് പറഞ്ഞു. എന്നാല്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഡോക്ടറോട് മോശമായി പെരുമാറിയതായും ഡോക്ടര്‍ രാകേഷ് കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസ് നേതാക്കളായ പി സി ശര്‍മ, യോഗേന്ദ്ര ചൗഹാന്‍ എന്നിവര്‍ ഡോക്ടര്‍ യോഗേന്ദ്രയോട് കയര്‍ത്തു സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഡോക്ടര്‍മാരെ വ്യക്തിഹത്യ ചെയ്യാതെ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. മരിച്ച രോഗി തന്റെ നിയോജകമണ്ഡലത്തിലുള്ള ആളായതിനാലാണ് താന്‍ വിഷയത്തില്‍ ഇടപെട്ടതെന്നും ഡോക്ടറോട് മര്യാദയില്ലാതെ സംസാരിച്ചിട്ടില്ലെന്നും പി സി ശര്‍മ അറിയിച്ചു. 

രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറോട് താനുമായി ഫോണില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ അതിന് കൂട്ടാക്കാതെ രോഗിയെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് ശര്‍മ പ്രതികരിച്ചു. തുടര്‍ന്ന് തന്റെ ഒരു അനുയായി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചതായും താനതില്‍ പിന്നീട് ഡോക്ടറോട് മാപ്പ് പറഞ്ഞതായും ശര്‍മ കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ട ഒരു രോഗിയെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയും രോഗി മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരായാലും ദേഷ്യപ്പെടാന്‍ ഇടയാകുമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. 

സംഭവത്തില്‍ ഖേദമുണ്ടെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നതെന്നും കോവിഡിനെ തുരത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ അനുചിതമാണെന്നും ചൗഹാന്‍ പറഞ്ഞു. 

 

 

Content Highlights: Madhya Pradesh Doctor Resigns As Congress Leaders Shout At Him After Man's Death