ജ്യോതിരാദിത്യ സിന്ധ്യ |Photo:ANI
ഭോപ്പാല്‍: ശിവ്രാജ് സിങ് ചൗഹാന് അധികാരം നിലനിര്‍ത്തുന്നതിന്റെയും ജ്യോതിരാദിത്യ സിന്ധ്യക്ക് അഭിമാനത്തിന്റെയും പോരാട്ടമായിരുന്നു മധ്യപ്രദേശിലെ 28 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ്. 19 സീറ്റുകളില്‍ ബിജെപി വ്യക്തമായ ലീഡ് നേടിയിരിക്കുകയാണ്. 231 അംഗസഭയില്‍ 107 അംഗങ്ങളുള്ള ബിജെപിക്ക് എട്ട് സീറ്റുകള്‍ മാത്രം മതി അധികാരം ഉറപ്പിക്കാന്‍. ഒമ്പതിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് നേടാനായത്.
ബിജെപി-കോണ്‍ഗ്രസ് പോരാട്ടത്തിനറപ്പുറത്തേക്ക് സിന്ധ്യ-കമല്‍നാഥ് പോരാട്ടമായി മാറിയിരുന്നു മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസില്‍ നിന്ന് തനിക്കൊപ്പം വന്ന ഭൂരിപക്ഷം പേരെയും ജയിപ്പിക്കാനായതിലൂടെ കമല്‍നാഥിന് കനത്ത പ്രഹരം നല്‍കാനായി സിന്ധ്യക്ക്. ഉപതിരഞ്ഞെടുപ്പില്‍ തന്റെ അനുയായികളെ വിജയിപ്പിക്കാനായതിലൂടെ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തില്‍ സിന്ധ്യയുടെ സ്വാധീനം വര്‍ധിക്കും.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കമല്‍നാഥിനെ അധികാരത്തിലേറ്റാന്‍ വിധിയെഴുതിയതാണ് തിരഞ്ഞെടുപ്പ് നടന്ന 28-ല്‍ 26 സീറ്റും. ഇതില്‍ 22 എം.എല്‍.എ.മാരുമായാണ് ജ്യോതിരാദിത്യസിന്ധ്യ മറുകണ്ടം ചാടിയത്. പിന്നീട് മൂന്ന്പേര്‍കൂടി ബി.ജെ.പി.യിലേക്ക് ചേക്കേറി. ബിജെപിയുടെ രണ്ടും കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയും മരിച്ച ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടന്നു.
സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ ഉപതിരഞ്ഞെടുപ്പ് നടന്ന 16 സീറ്റുകളിലും മികച്ച പ്രകടനമാണ് ബിജെപിക്കുണ്ടായിട്ടുള്ളത്. എല്ലാ സീറ്റിലും മത്സരിച്ച ബിഎസ്പി കോണ്‍ഗ്രസിന് തിരിച്ചടിയായി.
മറുക്കണ്ടം ചാടിയവരില്‍ കുറച്ച് പേരെയെങ്കിലും തോല്‍പ്പിക്കാനായതിന്റെ ആശ്വസത്തിലാണ് കോണ്‍ഗ്രസ്. 87 അംഗങ്ങളുള്ള കോണ്‍ഗ്രസിന് നിലവിലുള്ള നാലുസ്വതന്ത്രരും രണ്ട് ബി.എസ്.പി. അംഗങ്ങളും ഒരു എസ്.പി. അംഗവും പിന്തുണച്ചാല്‍പ്പോലും അധികാരത്തിലെത്താന്‍ 21 സീറ്റിലെങ്കിലും ജയിക്കണമായിരുന്നു.
കൂറുമാറി എത്തിയ 12 പേര്‍ നിലവില്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിമാരാണ്. ഇവരില്‍ മൂന്ന് പേര്‍ പിന്നിലാണ്. ആറ് മാസകാലവാധി കഴിഞ്ഞതിനെ തുടര്‍ന്ന് അടുത്തിടെ രാജിവെച്ച രണ്ടു മന്ത്രിമാരും അവരുടെ മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..