ഭോപ്പാല്‍: നാല് ദിവസം മുമ്പ് മധ്യപ്രദേശിലെ നിവാരി ജില്ലയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ അഞ്ചു വയസുകാരന്‍ മരിച്ചു. 90 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഞ്ചുവയസുകാരനായ പ്രഹ്ലാദിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. കര്‍ഷകനായ ഹരികിഷന്‍ കുശ്‌വാഹയുടെ മകനാണ് പ്രഹ്ലാദ്. ബുധനാഴ്ച രാവിലെ അച്ഛന്റെ കൃഷിയിടത്തിലെ പുതുതായി കുഴിച്ച കുഴല്‍കിണറിലാണ് പ്രഹ്ലാദ് വീണത്. തൊഴിലാളികള്‍ കുഴല്‍ കിണറില്‍ പൈപ്പ് കേസിംഗ് ഇടുന്നതിനിടെയായിരുന്നു അപകടം.

200 അടി താഴ്ചയുള്ള കിണറില്‍ 60 അടി താഴ്ചയില്‍ കുടുങ്ങി കിടന്ന പ്രഹ്ലാദിന് മൂന്ന് ദിവസത്തിന് ശേഷം ചലനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടര്‍ ആശിഷ് ഭാര്‍ഗവ പറഞ്ഞു.

90 മണിക്കൂറോളം നീണ്ട രക്ഷപ്രവര്‍ത്തനത്തില്‍ 80 ഓളം രക്ഷാപ്രവര്‍ത്തകര്‍ പങ്കെടുത്തെന്നും കളക്ടര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ പുറത്തെടുത്ത കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഹ്ലാദിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Madhya Pradesh-Boy stuck in 200-feet borewell dies