ഭോപ്പാല്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമനം ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി രൂപീകരിക്കാനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവുകളിലേക്കുള്ള നിയമനം ഏജന്‍സി നടത്തുന്ന പൊതുപരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ശിവ്‌രാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ യുവജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് വിപ്ലവകരമായ തീരുമാനമെടുത്തതെന്ന് ചൗഹാന്‍ വ്യക്തമാക്കി. വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് പ്രത്യേക പരീക്ഷകള്‍ അഭിമുഖീകരിക്കുകയും പ്രത്യേകഫീസ് നല്‍കുകയും ചെയ്യേണ്ട നിലവിലെ സാഹചര്യം ഇതോടെ അവസാനിക്കുകയും ഗസറ്റഡ് പോസ്റ്റുകള്‍ ഒഴികെയുള്ള തസ്തികകളിലേക്കുള്ള നിയമനത്തിന് പരിഗണിക്കാന്‍ ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുന്ന പൊതുപരീക്ഷ എഴുതുകയും ചെയ്താല്‍ മതിയാകും. 

നിര്‍ണായക തീരുമാനം കൈക്കൊള്ളുന്ന ആദ്യത്തെ സംസ്ഥാനമാണ് മധ്യപ്രദേശെന്നും ചൗഹാന്‍ ട്വീറ്റ് ചെയ്തു. സ്വന്തം നാട്ടിലെ മക്കള്‍ക്കായി മധ്യപ്രദേശ് കൈക്കൊണ്ട തീരുമാനം മറ്റു സംസ്ഥാനങ്ങള്‍ക്കും പിന്തുടരാവുന്നതാണെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. 

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ മധ്യപ്രദേശിലുള്ളവര്‍ക്കായി നിജപ്പെടുത്തുമെന്ന് ചൊവ്വാഴ്ച ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു. തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ യുവജനങ്ങളെ കുറിച്ച് ഉത്കണ്ഠയുണ്ടാവേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം ചൗഹാന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. സംസ്ഥാനത്തുള്ളവര്‍ക്കു മാത്രമായി തൊഴിലവസരങ്ങള്‍ നിജപ്പെടുത്തുന്നതിനെതിരെ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 

 

Content Highlights: Madhya Pradesh becomes first state to announce government jobs on basis of NRA exam marks