-
ഭോപ്പാല്‍: വിശ്വാസവോട്ട് സംബന്ധിച്ച് അനിശ്ചിത്വത്വം നിലനിന്ന മധ്യപ്രദേശ് നിയമസഭാ ബജറ്റ് സമ്മേളനം ഈ മാസം 26 വരെ പിരിഞ്ഞു. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് സഭ 26 വരെ പിരിഞ്ഞതായി സ്പീക്കര്‍ എന്‍.പി. പ്രജാപതി അറിയിച്ചത്. കൊറോണവൈറസിന്റെ പശ്ചാത്തലത്തിലാണ് സഭ നിര്‍ത്തിവെച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാരിന് ഇത് താത്കാലിക ആശ്വസമായി
കേവലഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ചതന്നെ നിയമസഭയില്‍ വിശ്വാസംതേടണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന് നിര്‍ദേശിച്ചിരുന്നു. അതേ സമയം സഭാസമ്മേളനത്തിന്റെ അജന്‍ഡയില്‍ സ്പീക്കര്‍ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല.
ഹരിയാണയിലേക്ക് മാറ്റിയിരുന്ന ബിജെപി എംഎല്‍എമാരും ജയ്പൂരിലേക്ക് മാറ്റിയിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരും രാവിലെ നിയമസഭയിലെത്തി. പിന്നാലെ സഭയെ അഭിസംബോധന ചെയ്യുന്നതിനായി ഗവര്‍ണറും എത്തി. രണ്ടു മിനിറ്റ് മാത്രം നയ പ്രഖ്യാപന പ്രസംഗം നടത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. ഭരണഘടന പ്രകാരമുള്ള നിയമങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും,മധ്യപ്രദേശിന്റെ അന്തസ്സ് സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിമതരായ 22 എംഎല്‍എമാര്‍ സഭയിലെത്തിയിരുന്നില്ല. ബെംഗളൂരുവില്‍ തുടരുകയാണ് അവര്‍.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ്, അടിയന്തരമായി വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്. രാവിലെ ഗവര്‍ണറുടെ പ്രസംഗം കഴിഞ്ഞാലുടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു നിര്‍ദേശം. വിശ്വാസ വോട്ടെടുപ്പ് സഭാ അജണ്ടയില്‍ ഉള്‍പ്പെടുത്താത്ത സപീക്കര്‍ എന്‍.പി. പ്രജാപതി സഭയില്‍ കാര്യങ്ങള്‍ അറിയിക്കാമെന്നാണ് പറഞ്ഞത്.
ഗവര്‍ണറുടെ കത്തിന് ഇന്ന് രാവിലെ കമല്‍നാഥ് മറുപടി നല്‍കുകയും ചെയ്തു. സ്പീക്കറുടെ അവകാശത്തില്‍ ഗവര്‍ണര്‍ കൈക്കടത്തരുത്. തങ്ങളുടെ എംഎല്‍എമാരെ ബന്ദികാളാക്കിയിരിക്കുകയാണെന്ന് കമല്‍നാഥ് ആവര്‍ത്തിച്ചു. വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കണം. സ്ഥിതിഗതികള്‍ നിലവില്‍ അനുയോജ്യമല്ല. ഒരു സമ്മര്‍ദ്ദവുമില്ലാതെ എല്ലാ എംഎല്‍എമാരും സ്വതന്ത്രരായാല്‍ മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാകൂവെന്നും കമല്‍നാഥ് കത്തിലൂടെ വ്യക്തമാക്കി.
വിജയ ചിഹ്നം കാണിച്ചാണ് മുഖ്യമന്ത്രി കമല്‍നാഥ് എംഎല്‍എമാര്‍ക്കൊപ്പം സഭയിലെത്തിയത്. എംഎല്‍എമാര്‍ എല്ലാവരും മാസ്ക ധരിച്ചിരുന്നു.
Content Highlights:Madhya Pradesh Assembly Adjourned Till March 26, No Floor Test Today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..