ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്ത നടപടി സ്റ്റേചെയ്യണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. മനുഷ്യാവകാശ സംഘടനയായ മാനുഷിയുടെ സ്ഥാപക മധു കിഷ്വാറാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും വിശ്വാസ്യതയെയും ബാധിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് പല സുപ്രധാന വിധികളും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. അതില്‍ ചിലത് സംഘര്‍ഷത്തിന് ഇടയാക്കുന്നവ പോലുമായിരുന്നു. രാഷ്ട്രപതി നടത്തിയത് ഒരു രാഷ്ട്രീയ നിയമനമാണ്. ഗോഗോയ് ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് പുറപ്പെടുവിച്ച വിധികള്‍ക്കുമേല്‍ സംശയത്തിന്റെ നിഴല്‍വീഴ്ത്താന്‍ ഇടയാക്കുന്നതാണ് നിയമനം.

ജുഡീഷ്യറിയുടെ ശക്തിയെന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. കൊളീജിയം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത് ജുഡീഷ്യറിയുടെ നിഷ്പക്ഷത ഉറപ്പാക്കാനാണെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രഞ്ജന്‍ ഗോഗോയ് രാജ്യസഭാംഗമായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

Content Highlights: Madhu Kishwar moves SC to stay ex-CJI Gogoi's RS appointment