പനജി: മനോഹര്‍ പരീക്കറുടെ നിര്യാണത്തിന് പിന്നാലെ പ്രമോദ് സാവന്ദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള തീരുമാനം വന്‍ രാഷ്ട്രീയ അബദ്ധമായിരുന്നുവെന്ന് ഗോവ മുന്‍ മുഖ്യമന്ത്രി വിജയ് സര്‍ദേശായി. തന്റെ മണ്ഡലമായ ഫാറ്റോര്‍ഡയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗോവ ഫോര്‍വേഡ്‌ പാര്‍ട്ടി (ജി.എഫ്.പി) അധ്യക്ഷനായ വിജയ് സര്‍ദേശായി. 

രാഷ്ട്രീയ അബദ്ധത്തിന് അദ്ദേഹം ജനങ്ങളോട് മാപ്പ് ചോദിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമതയില്ലാത്തതും സുതാര്യമല്ലാത്തതും ഭരണപരമായ ഉത്തരവാദിത്തമില്ലാത്തതുമാണെന്നും വിജയ് സര്‍ദേശായി ആരോപിച്ചു.

'ഭാവിയില്‍ ഇത്തരമൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ സഹായിക്കില്ല. മനോഹര്‍ പരീക്കറുടെ മരണത്തോടെ ബിജെപി പൂര്‍ത്തിയായി. ഭാവിയില്‍ ഈ സംസ്ഥാനം ഭരിക്കാന്‍ ഒരിക്കലും ബിജെപിയെ ഞങ്ങള്‍ അനുവദിക്കില്ല' അദ്ദേഹം പറഞ്ഞു.

2017-ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷി കോണ്‍ഗ്രസായിരുന്നു. എന്നാല്‍ വിജയ് സര്‍ദേശായിയുടെ ഗോവ ഫോര്‍വേഡ്‌ പാര്‍ട്ടിയുടെ പിന്തുണയോടെ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി ആകുകയായിരുന്നു. പരീക്കറുടെ മരണ ശേഷം പ്രമോദ് സാവന്ദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനേയും ഗോവ ഫോര്‍വേഡ്‌ പാര്‍ട്ടി പിന്തുണച്ചു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലായിയില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ദേശായിയേയും മറ്റു രണ്ട് ജിഎഫ്പി മന്ത്രിമാരേയും പ്രമോദ് സാവന്ദ് പുറത്താക്കിയിരുന്നു. 

Content Highlgihts: Made 'political mistake' of supporting Sawant government in Goa-Vijai Sardesai