അബ്ദുൾ നാസർ മദനി, സുപ്രീംകോടതി | ഫോട്ടോ: മാതൃഭൂമി
ന്യൂഡൽഹി: ബെംഗളൂരു സ്ഫോടനക്കേസിലെ വിചാരണ പൂർത്തിയായെങ്കിൽ കേസിലെ പ്രതിയായ പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൂടെയെന്ന് സുപ്രീം കോടതി. വിചാരണ പൂർത്തിയാക്കുകയും, ജാമ്യ വ്യവസ്ഥകൾ ലംഘിക്കാതിരിക്കുയും ചെയ്തിട്ടുണ്ടെങ്കിൽ കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന സൂചനയും സുപ്രീം കോടതി നൽകി. അതെ സമയം മദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഒരു ഇളവും അനുവദിക്കരുതെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. മദനിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രിൽ-13 ലേക്ക് മാറ്റി.
ആരോഗ്യനില മോശമാണെന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അബ്‍ദുൾ നാസർ മദനി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ മദനിക്ക് ജാമ്യം അനുവദിച്ചപ്പോൾ ഒരു കാരണവശാലും ബെംഗളൂരുവു വിടരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ കേസിന്റെ വിചാരണ പൂർത്തിയായ സാഹചര്യത്തിൽ ഈ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന് മദനിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലും അഭിഭാഷകൻ ഹാരിസ് ബീരാനും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. വിചാരണ പൂർത്തിയായത് സംബന്ധിച്ച കോടതി രേഖകൾ ഇരുവരും സുപ്രീം കോടതിക്ക് കൈമാറി.
ബാബറി മസ്ജിദ് പൊളിക്കലിന് ശേഷമുണ്ടായ കലാപ കേസുകളിലും, കോയമ്പത്തൂർ സ്ഫോടന കേസിലും മദനി പ്രതി ആയിരുന്നുവെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ മദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നും കർണാടക സർക്കാർ വാദിച്ചു. എന്നാൽ മദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ഇതിനെ എതിർത്തു. ഈ കേസുകളിൽ എല്ലാം അദ്ദേഹം കുറ്റ വിമുക്തനായതായി സിബലും, ഹാരിസും ചൂണ്ടിക്കാട്ടി.
ജാമ്യവ്യവസ്ഥ മദനി ഇതുവരെ ലംഘിച്ചിട്ടുണ്ടോ എന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് കർണാടക സർക്കാരിനോട് ആരാഞ്ഞു. കർശന വ്യവസ്ഥകളായിരുന്നു സുപ്രീം കോടതി മുന്നോട്ട് വച്ചതെന്നും അതിനാൽ ലംഘനം ഉണ്ടായിട്ടില്ലെന്നും കർണാടക സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയിൽ അഭിപ്രായപ്പെട്ടു. തുടർന്ന് മദനി ഉൾപ്പെട്ട കേസിന്റെ വിചാരണ പൂർത്തിയായോ, ജാമ്യ വ്യവസ്ഥയിൽ ലംഘനം ഉണ്ടായോ എന്നീ വിഷയങ്ങളിൽ രേഖാമൂലം നിലപാട് അറിയിക്കാൻ കോടതി കർണാടക സർക്കാരിനോട് നിർദേശിച്ചു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഹർജി പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപെട്ടു. എന്നാൽ ഈ ആവശ്യം കോടതി തള്ളി. പൗരന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇത്തരം ഒരു വാദം ഉന്നയിച്ചതിന് ബെഞ്ച് കർണാടക സർക്കാരിനെ വിമർശിച്ചു.
Content Highlights: Madani should be allowed to go to Kerala if the trial is over says supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..