താണു പത്മനാഭന്റെ അകാലനിര്യാണം അതീവ ദുഃഖകരമാണ്. അത്യന്തം അവിശ്വസനീയവും. ഇന്നലെ വൈകിട്ട് 5 മണിക്കും ഞങ്ങള്‍ പരസ്പരം കുറെയേറെ സമയം സംസാരിക്കുകയുണ്ടായി. പുതിയ മാതൃഭൂമി വാരികയില്‍ പുറംചട്ടയിലെ മനോഹരമായ ചിത്രത്തോടെ വന്ന താണുപത്മനാഭനെക്കുറിച്ചുള്ള ദീര്‍ഘമായ രചനയെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നെട്ടയത്തിനടുത്ത് താന്‍ കുറേക്കാലം മുമ്പു വാങ്ങിയ 9 സെന്റു ഭൂമിയില്‍ ചെറിയൊരു വീടുവച്ച് ഭാവിയില്‍ താമസമാക്കുന്ന കാര്യവും അദ്ദേഹത്തിന്റെ പരിഗണനയിലുണ്ടായിരുന്നു. കേരളത്തില്‍ ലോകനിലവാരത്തിലുള്ള ഒരു ശാസ്ത്ര ഗവേഷണസ്ഥാപനം സംസ്ഥാനഗവണ്മന്റിന്റെ പിന്തുണയോടെ സ്ഥാപിക്കണം എന്നത് അദ്ദേഹത്തിന്റ സ്വപ്നമായിരുന്നു. 

ഇന്നത്തെ ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞന്‍ എന്നു പറയാവുന്ന പ്രതിഭാശാലി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ജനിച്ച് എസ്എംവിസ്‌കൂളിലും യൂണിവേഴ്‌സിറ്റി കോളേജിലും വിദ്യാഭ്യാസം ചെയ്തതിനു ശേഷമാണ് അദ്ദേഹം ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ നിന്ന് പിഎച്ച്.ഡി നേടുന്നത്. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പ്രൊഫ. ജയന്ത് നാര്‍ലിക്കര്‍ ആയിരുന്നു താണു പത്മനാഭന്റെ ഗൈഡ്.

Read Story: ലോകപ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു.

ബിഎസ്സിയും എംഎസ്സിയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലാണ് പഠിച്ചത്. ബിഎസ്സി വിദ്യാര്‍ത്ഥി ആയിരിക്കെ, ഇരുപതാം വയസ്സില്‍ ജനറല്‍ റിലേറ്റിവിറ്റിയെക്കുറിച്ചുള്ള തന്റെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു (1977).

ഇന്ത്യന്‍ സൈദ്ധാന്തികഭൌതികജ്ഞരില്‍ മുന്‍നിരയിലായിരുന്ന അദ്ദേഹം ഒരു കോസ്‌മോളൊജിസ്റ്റും ആയിരുന്നു. ഭൂഗുരുത്വം, ഘടനാ രൂപീകരണം, ക്വാണ്ടം ഗ്രാവിറ്റി എന്നീ മേഖലകളില്‍ ഗവേഷണസംഭാവനകള്‍ നടത്തിയ അദ്ദേഹം തമോഊര്‍ജത്തെക്കുറിച്ചുള്ള പഠനത്തിലും സംഭാവനകള്‍ നല്കി.

പുണെയിലെ പ്രസിദ്ധമായ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സിന്റെ (അയൂക്കാ)ഡയറക്ടര്‍ ആയിരുന്നു ദീര്‍ഘകാലമായി. 2006-2011 ലെ ഇടതുപക്ഷ ജനാധിപത്യമുന്നണിഗവണ്മന്റ് കേരളത്തില്‍ അന്തര്‍സര്‍വ്വകലാശാലാ പഠനകേന്ദ്രങ്ങള്‍തുടങ്ങിയത് പുണെയിലെ അയൂക്കാ മാതൃകകൂടി പഠിച്ചതിനുശേഷമായിരുന്നു. അന്ന് ഞാന്‍ അയൂക്കാ സന്ദര്‍ശിക്കുമ്പോള്‍ അതിന്റെ ഡയറക്ടര്‍ ജയന്ത് നര്‍ലിക്കറും ഡെപ്യൂട്ടി ഡയറക്ടര്‍ താണുപത്മനാഭനുമായിരുന്നു. ലോകമെങ്ങുമുള്ള സര്‍വകലാശാലകളിലും അസ്‌ട്രോണമി സ്ഥാപനങ്ങളിലും അധ്യക്ഷനായും അംഗമായും ഒക്കെ അദ്ദേഹം പലനിലയില്‍ സേവനം അനുഷ്ഠിച്ചു. ശാസ്ത്രപ്രചാരണത്തില്‍ തല്പരനായ അദ്ദേഹം ഇരുനൂറിലേറെ ജനകീയ ശാസ്ത്രപ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഭൗതികത്തിന്റെ കഥ എന്ന പേരില്‍ കുട്ടികള്‍ക്കായി എഴുതിയ ഗ്രാഫിക് പുസ്തകവും ശ്രദ്ധേയമാണ്.

2006 ലെ എല്‍ ഡി എഫ് മന്ത്രിസഭയുടെ കാലത്ത് കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി പരിഗണിച്ചാല്‍ അംഗീകരിക്കുമോ എന്ന് ഞാന്‍ അന്വേഷിച്ചു. 'ഇത് വലിയൊരു അംഗീകാരമാണെങ്കിലും തല്ക്കാലം എന്നെ ഗവേഷണപരിപാടികള്‍ തുടരാന്‍ അനുവദിക്കണം' എന്ന് അപേക്ഷിക്കുകയാണു ചെയ്തത്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്ഷണം സ്വീകരിച്ച് കുട്ടികള്‍ക്കായി പ്രഭാഷണം നടത്താന്‍ വന്നപ്പോള്‍ ആണ് ഞങ്ങള്‍ കൂടുതല്‍ അടുത്തതും ബന്ധം ദൃഢമാവുന്നതും.

അയൂക്കാസന്ദര്‍ശനവേളയില്‍ പുണെയിലെ വീട്ടില്‍നിന്നു കഴിച്ച രുചികരമായ ഭക്ഷണത്തിന്റെ കാര്യം തിരുവനന്തപുരത്തു കണ്ടപ്പോള്‍ ഓര്‍മിപ്പിച്ചു. അപ്പോള്‍ വീണ്ടും പുണെയിലേക്കു ക്ഷണംവന്നു. അത് പ്രകാരം മോഹിച്ച പുണാ സന്ദര്‍ശനം പലകാരണങ്ങളാലും നടന്നില്ല. ഇക്കാലത്ത് എന്റെ വീട്ടില്‍ അദ്ദേഹം പലതവണ വന്ന ഓര്‍മകളും മനസ്സിലേക്കുകടന്നുവരുന്നു. ഇന്ത്യയില്‍ മാത്രം പഠിക്കുകയും ഇന്ത്യയില്‍ മാത്രം ഗവേഷണം നടത്തുകയും ചെയ്ത് നോബല്‍ സമ്മാനം നേടുന്ന അപൂര്‍വ ഇന്ത്യന്‍ ശാസ്ത്രജ്ഞനാവും ഡോ സി വി രാമനെപ്പോലെ താണുപത്മനാഭനും എന്ന് പലരും കരുതിയിരുന്നു. (മറ്റുപലരും ഇന്ത്യയിലെ പഠനം കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്തുപോയതിനെത്തുടര്‍ന്ന് നോബല്‍ നേടിയവരാണ്!)

പക്ഷേ, രംഗബോധമില്ലാത്ത വിദൂഷകനെപ്പോലെ കടന്നുവന്ന ഒരു ഹൃദയാഘാതം ഈ പ്രതിഭാശാലിയെ വളരെ നേരത്തെ ശാസ്ത്രലോകത്തുനിന്ന് പിടിച്ചുകൊണ്ടുപോയി. പ്രിയ പത്‌നി വാസന്തിയെ ഫോണില്‍വിളിച്ച് സംസാരിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല. ഇന്നലെ എന്നോട് ഫോണില്‍ സംസാരിച്ച കാര്യമെല്ലാം അവര്‍ തമ്മില്‍ ഇന്നലെ വിശദമായി പറഞ്ഞ കാര്യവും വാസന്തി എന്നോടു സൂചിപ്പിച്ചു.  വാസന്തിയും മകള്‍ ഹംസയും ഈ ആഘാതം നേരിടാന്‍ കരുത്തുനേടുമെന്ന് വിശ്വസിക്കുന്നു. പ്രിയശാസ്ത്രകാരാ, ആദരണീയസുഹൃത്തേ, വിട.

Content Highlights: MABaby Remembers Indian theoretical physicist Thanu Padmanabhan