ന്യൂഡല്‍ഹി:  ആന്ധ്രാപ്രദേശില്‍ ജനിച്ച വെങ്കയ്യ നായിഡുവിനെ രാജ്യത്തിന്റെ ഉപരാഷ്ട്രപതി പദത്തിലെത്തിച്ചത് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍നിന്ന് തുടങ്ങിയ പൊതുപ്രവര്‍ത്തനം. നേതൃപാടവവും പ്രസംഗ പാടവവും അദ്ദേഹത്തെ രാഷ്ട്രീയരംഗത്ത് ഉറപ്പിച്ചുനിര്‍ത്തി. ഹിന്ദിയിലുള്ള പ്രാവീണ്യം ഉത്തരേന്ത്യക്കാരുടെയും വിശ്വാസം നേടിയെടുക്കാന്‍ വെങ്കയ്യയ്ക്ക് സഹായകമായി.

ജീവിതരേഖ
 * 1949 ജൂലായ് ഒന്നിന് ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ ചവട്ടപാലെത്ത് രങ്കയ്യ നായിഡുവിന്റെയും രമണമ്മയുടെയും മകനായി ജനിച്ചു. 
 
1978-1985 വരെ ആന്ധ്രാപ്രദേശില്‍ എം.എല്‍.എ.
 
1998, 2004, 2010-ല്‍ കര്‍ണാടകയില്‍നിന്നും 2016-ല്‍ രാജസ്ഥാനില്‍നിന്നും രാജ്യസഭാംഗം.
 
1993-ലും 2000-ലും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി.
 
2002-2004ല്‍ ദേശീയ അധ്യക്ഷന്‍
 
2000-2002 കാലഘട്ടത്തില്‍ വാജ്പേയി മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രി.
 
മോദിമന്ത്രിസഭയില്‍ കേന്ദ്ര നഗരവികസനം, ഭവനനിര്‍മാണം, നഗരദാരിദ്ര്യനിര്‍മാര്‍ജനം, പാര്‍ലമെന്ററികാര്യ മന്ത്രി.
 
കഴിഞ്ഞവര്‍ഷം കേന്ദ്രമന്ത്രിസഭയിലെ പുനഃസംഘടനയുടെ ഭാഗമായി, വാര്‍ത്താവിതരണത്തിന്റെയും നഗരവികസന മന്ത്രാലയത്തിന്റെയും ചുമതല.
 ഭാര്യ: ഉഷ. മക്കള്‍: ഹര്‍ഷവര്‍ധന്‍, ദീപ.

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതി പദത്തിലെത്തിയ വെങ്കയ്യ 1949 ജൂലായ് 1ന് ആന്ധ്രാപ്രദേശിലെ ചാവട്ടപാളത്താണ് ജനിച്ചത്. നെല്ലൂരിലെ വി.ആര്‍ ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പൊളിറ്റിക്സ് ആന്റ് ഡിപ്ലോമാറ്റിക് സ്റ്റഡിസീല്‍ വി.ആര്‍ കോളേജില്‍ നിന്ന് ബിരുദവും കരസ്ഥമാക്കി. ആന്ധ്രാ യൂണിവേഴ്സിറ്റി ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദവും അന്താരാഷ്ട്ര നിയമത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. കോളേജില്‍ പഠിക്കുമ്പോഴാണ് എ.ബി.വി.പിയില്‍ അംഗമാകുന്നത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1972ലെ ആന്ധ്രാ മൂവ്മെന്റില്‍ വെങ്കയ്യ നായിഡുവിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. വിജയവാഡയില്‍ നിന്ന് പ്രക്ഷോഭത്തെ നയിച്ചിരുന്നത് കാകനി വെന്‍കിട രത്നം ആയിരുന്നു. നെല്ലൂരില്‍ നിന്നുള്ള പ്രക്ഷോഭത്തെ ഉജ്വലമാക്കാന്‍ വെങ്കയ്യ നായിഡു പരിശ്രമിച്ചു. 

1974 ല്‍ ആന്ധ്രാപ്രദേശില്‍ ജയപ്രകാശ് നാരായണന്‍ അഴിമതിക്കെതിരെ നടത്തിയ ഛത്ര സംഘര്‍ഷ് സമിതിയുടെ കണ്‍വീനറായി. 1977 മുതല്‍ 80 വരെ ഇതിന്റെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റായിരുന്നു. അടിയന്തിരാവസ്ഥയ്ക്കെതിരെ തെരുവിലിറങ്ങിയതിന് അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 

വിദ്യാര്‍ത്ഥി നേതാവും രാഷ്ട്രീയത്തിലെ നിത്യ സാന്നിധ്യവുമായിരുന്നു വെങ്കയ്യ. നല്ലൊരു പ്രാസംഗികന്‍ കൂടിയാണ്. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയും കര്‍ഷകര്‍ക്കു വേണ്ടിയും എന്നും ശബ്ദമുയര്‍ത്താന്‍ വെങ്കയ്യ നായിഡു സദാ സന്നദ്ധനായിരുന്നു. 

രാഷ്ട്രീയവും പ്രസംഗപാടവവും അദ്ദേഹത്തെ രാഷ്ട്രീയത്തില്‍ ഉറപ്പിച്ചു. ആന്ധ്രാപ്രദേശ് നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഉദയഗിരി മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ എം.എല്‍. ആയി. 1978ലും 1983ലുമാണ് അദ്ദേഹം എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. അധികം വൈകാതെ ആന്ധ്രാപ്രദേശില്‍ നിന്ന് ഭാരതീയ ജനതാപാര്‍ട്ടിയുടെ അനിഷേധ്യ നേതാവായി വെങ്കയ്യ നായിഡു വളര്‍ന്നു.

സംസ്ഥാനത്തിലും ദേശീയതലത്തിലും ബി.ജെ.പിയുടെ നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചട്ടുണ്ട്. 1998ല്‍ കര്‍ണാടകയില്‍ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004ലും 2010ലും അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതല്‍ 2000 വരെ പാര്‍ട്ടിയുടെ വക്താവായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ മറ്റ് നേതാക്കളെ അപേക്ഷിച്ച് ഹിന്ദിയില്‍ അദ്ദേഹം പ്രാവീണ്യം നേടി. മാത്രമല്ല, വടക്കേ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ജനങ്ങളെ അഭിസംബോധന ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു. 1996ല്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രി ആയപ്പോള്‍ അദ്ദഹത്തിന്റെ മന്ത്രി സഭയില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്നു. പ്രധാന്‍ മന്ത്രി ഗ്രാമിണ്‍ സഡക് യോജന പോലെ ഗ്രാമീണ ജനതയ്ക്ക് പ്രയോജനപ്പെടുന്ന പല പദ്ധതികളും ഈ കാലഘട്ടത്തില്‍ അദ്ദേഹം നടപ്പില്‍ വരുത്തി. 

ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായിരുന്ന ജാന കൃഷ്ണ മൂര്‍ത്തിക്കു പകരം 2002 മുതല്‍ വെങ്കയ്യ നായിഡു അദ്ധ്യക്ഷനായി. 2004 ജനുവരി 28ന് അദ്ദേഹം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. 2004ല്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് രാജി വച്ചു. വെങ്കയ്യ നായിഡുവിനു പിന്‍ഗാമിയായി എല്‍.കെ അഡ്വാനി പാര്‍ട്ടിയെ നയിച്ചു. 2014ലെ ബി.ജെ.പിയുടെ ചരിത്രപരമായ വിജയത്തിനു ശേഷം  പാര്‍ലമെന്ററി കാര്യ മന്ത്രിയായി സ്ഥാനം വഹിക്കുകയായിരുന്നു. കഴിഞ്ഞ മെയ് 29 നാണ് അഹദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി നിര്‍ദ്ദേശിച്ചത്.