ദ്രാവിഡമനസ്സില്‍ ആത്മാഭിമാനത്തിന്റെ ജ്വാല പകര്‍ന്ന് തമിഴകത്തും ദേശീയ രാഷ്ട്രീയത്തിലും കരുത്തുറ്റ നേതാവായി മാറിയ ഡി.എം.കെ. അധ്യക്ഷന്‍ കലൈഞ്ജര്‍ എം. കരുണാനിധി (94) അന്തരിച്ചു.
ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ട് 6.10-നായിരുന്നു അന്ത്യം. രാഷ്ട്രീയത്തിന് പുറമെ സിനിമ, നാടകം, കവിത, പത്രപ്രവര്‍ത്തനം, പ്രസംഗം തുടങ്ങി ഒട്ടേറെ മേഖലകളില്‍ പ്രതിഭ തെളിയിച്ച കരുണാനിധി വിടവാങ്ങുന്നതോടെ തമിഴകത്തെ തിളക്കമാര്‍ന്ന യുഗത്തിനാണ് തിരശ്ശീല വീഴുന്നത്.
ബുധനാഴ്ച വൈകീട്ട് നാലു വരെ മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ശവസംസ്കാരം നടക്കും. ശവസംസ്കാരത്തിന് മറീന കടല്‍ത്തീരം അനുവദിക്കാത്തതിനെച്ചൊല്ലി ഡി.എം.കെ. പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാത്രി പ്രതിഷേധവുമായി തെരുവിലിറങ്ങി. മറീനയില്‍ മുന്‍മുഖ്യമന്ത്രി അണ്ണാദുരൈയുടെ സമാധിക്കു സമീപംതന്നെ ശവസംസ്കാരം നടത്തണമെന്നാവശ്യപ്പെട്ട് ഡി.എം.കെ. രാത്രിയോടെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച തമിഴ്നാട്ടില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണം ഒരാഴ്ച നീണ്ടുനില്‍ക്കും.
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി വിശ്രമജീവിതം നയിക്കുകയായിരുന്നു കരുണാനിധി. പനിയും അണുബാധയുമാണ് നില വഷളാക്കിയത്. രണ്ടാഴ്ചമുമ്പ് കൃത്രിമശ്വാസനാളം മാറ്റിവെക്കുന്നതിനായി ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടില്‍ തിരിച്ചെത്തിയെങ്കിലും രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് ജൂലായ് 28-ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ നില അതിഗുരുതരമായി.
വികാരനിര്‍ഭരമായ അന്തരീക്ഷത്തില്‍ മൃതദേഹം കാവേരി ആശുപത്രിയില്‍നിന്ന് രാത്രി എട്ടരയോടെ ഗോപാലപുരത്തെ വസതിയില്‍ എത്തിച്ചു. തുടര്‍ന്ന് ഭാര്യ രാജാത്തി അമ്മാളുടെ സി.ഐ.ടി.നഗറിലെ വീട്ടിലേക്കു കൊണ്ടുപോയി.
അഞ്ച് തവണ (1969, 1971, 1989, 1996, 2006) തമിഴ്നാട് മുഖ്യമന്ത്രിയും 13 തവണ എം.എല്‍.എ.യുമായ കരുണാനിധി, മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. 1957-ല്‍ തിരുച്ചിറപ്പള്ളി ജില്ലയിലെ കുളിത്തലൈ മണ്ഡലത്തില്‍നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തിയത്. നിലവില്‍ തിരുവാരൂരില്നിന്നുള്ള നിയമസഭാംഗമാണ്. നാഗപട്ടണം ജില്ലയിലെ തിരുക്കുവളൈ ഗ്രാമത്തില്‍ മുത്തുവേലുവിന്റെയും അഞ്ജുകത്തിന്റെയും മകനായി 1924 ജൂണ്‍ മൂന്നിന് ജനനം. യഥാര്‍ഥപേര് ദക്ഷിണാമൂര്‍ത്തി. കുട്ടിക്കാലത്തുതന്നെ ഭാഷയിലും സാഹിത്യത്തിലും തത്പരന്‍. 14-ാം വയസ്സില്‍ ജസ്റ്റിസ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തി. 18-ാം വയസ്സില്‍ 'മുരസൊലി' എന്ന പേരില്‍ പത്രം ആരംഭിച്ചു.
ചെറു പ്രായത്തില്‍ത്തന്നെ നാടകരചയിതാവ് എന്ന നിലയില്‍ പേരെടുത്തു. എം.ജി.ആര്. നായകനായ 'രാജകുമാരി'യിലൂടെ സിനിമാരചനയിലെത്തി. ഈ ചിത്രത്തിലൂടെയാണ് എം.ജി.ആറുമായി അടുക്കുന്നത്. 1952-ല്‍ പുറത്തിറങ്ങിയ 'പരാശക്തി' എന്ന ചിത്രത്തിലൂടെ സിനിമയില്‍ നിറസാന്നിധ്യമായി. ഏഴുപതോളം ചിത്രങ്ങള്‍ക്കു വേണ്ടി കഥയും തിരക്കഥയും രചിച്ചു. 2011-ല്‍ പുറത്തിറങ്ങിയ പൊന്നാര് ശങ്കറാണ് അവസാന ചിത്രം. നാടകവും കവിതയുമടക്കം നൂറിലേറെ പുസ്തകങ്ങള്‍ രചിച്ചു. നടന് എം.ആര്. രാധയാണ് 'കലാകാരന്' എന്നര്‍ഥം വരുന്ന 'കലൈഞ്ജര്‍' എന്ന വിശേഷണം നല്‍കിയത്. ഇ.വി.ആര്. പെരിയാറിന്റെ ആദര്‍ശങ്ങളുടെ പിന്തുടര്ച്ചക്കാരനായ കരുണാനിധി നിരീശ്വരവാദിയായിരുന്നു. 1961-ല്‍ ഡി.എം.കെ. ഖജാന്‍ജിയും 1962-ല്‍ നിയമസഭാപ്രതിപക്ഷ ഉപനേതാവുമായി. 1967-ല്‍ ഡി.എം.കെ. ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ പൊതുമരാമത്ത് മന്ത്രിയും അണ്ണാ ദുരൈയുടെ മരണശേഷം 1969-ല്‍ ആദ്യമായി മുഖ്യമന്ത്രിയുമായി. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ ദേശീയ രാഷ്ട്രീയത്തിലും നിര്‍ണായകസ്വാധീനം ചെലുത്തി. എം.ജി.ആറിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതില്‍ കരുണാനിധിക്കു നിര്‍ണായക പങ്കുണ്ട്. 1972-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ഡി.എം.കെ. അധികാരത്തിലെത്തിയപ്പോള്‍ ഭിന്നതയും രൂപപ്പെട്ടു. കരുണാനിധിയുമായി പിണങ്ങി എം.ജി.ആര്. എ.ഐ.എ.ഡി.എം.കെ. രൂപവത്കരിച്ചു.
ജയലളിത രാഷ്ട്രീയത്തില്‍ സജീവമാകുന്നതോടെയാണ് കരുണാനിധിയുടെ പ്രതിച്ഛായക്കു മങ്ങലേല്ക്കാന് തുടങ്ങിയത്. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ കരുണാനിധി കൊടികുത്തി വാഴുമ്പോഴാണ് ജയലളിത അദ്ദേഹത്തിനുമേല്‍ അഴിമതിയാരോപണത്തിന്റെ കറ പുരട്ടുന്നത്. അതോടെ ഡി.എം.കെ. അഴിമതിപ്പാര്‍ട്ടിയായി ചിത്രീകരിക്കപ്പെട്ടു. തമിഴ് എന്ന പ്രാദേശികഭാഷയുടെ പിന്ബലത്തോടെമാത്രം രാഷ്ട്രീയത്തിലെത്തിയ കരുണാനിധി, ഹിന്ദിയെ ശക്തമായി എതിര്‍ത്തുകൊണ്ടുതന്നെയാണ് ദേശീയരാഷ്ട്രീയത്തില്‍ അവിഭാജ്യ നേതാവായി വളര്‍ന്നത്. മൂന്ന് ഭാര്യമാരിലായി ആറ് മക്കളുണ്ട്. പരേതയായ പദ്മാവതിയാണ് ആദ്യ ഭാര്യ. ദയാലു അമ്മാള്‍, രാജാത്തി അമ്മാള്‍ എന്നിവരാണ് മറ്റ് ഭാര്യമാര്‍. മുന്‍ കേന്ദ്രമന്ത്രി അഴഗിരി, ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റും പ്രതിപക്ഷനേതാവുമായ സ്റ്റാലിന്, രാജ്യസഭാംഗം കനിമൊഴി എന്നിവരെ കൂടാതെ മുത്തു, തമിഴരശ്, സെല്‍വി എന്നിവരും മക്കളാണ്.
1957ല്‍ തന്റെ 33-ാമത്തെ വയസില്‍ കുളിത്തലൈ എന്ന സ്ഥലത്ത് നിന്നാണ് അസംബ്ലി സീറ്റിലേക്ക് കരുണാനിധി മത്സരിച്ച് തമിഴ്നാട് അസംബ്ലിയിലേക്ക് വിജയിക്കുന്നത്. 1961 ല്‍ പാര്‍ട്ടിയുടെ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1962 ല്‍ പ്രതിപക്ഷ ഉപനേതാവ്, 1967ല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി, 1969-ല്‍ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്ന് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തു. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ വര്‍ഷങ്ങളിലായി അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജൂലായ് 27ന് കരുണാനിധി പാര്‍ട്ടി അധ്യക്ഷനായതിന്റെ 50-ാം വാര്‍ഷികമായിരുന്നു.
Content Highlights: Krunanidhi Passed Away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..