ന്യൂഡല്‍ഹി: ലൈംഗിക പീഡന ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ തിരിച്ചെത്തി. സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന മീ ടൂ ക്യാമ്പയിനിലൂടെയാണ് അക്ബറിനെതിരെ ആരോപണങ്ങള്‍ പുറത്തെത്തിയത്.
#WATCH Delhi:Union Minister MJ Akbar returns to India amid accusations of sexual harassment against him, says, "there will be a statement later on." pic.twitter.com/ozI0ARBSz4
— ANI (@ANI) October 14, 2018
ആരോപണങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് അക്ബര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ, വിദേശപര്യടനം വെട്ടിക്കുറച്ച് തിരികെയെത്താന്‍ അക്ബറിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
നിരവധി സ്ത്രീകളാണ് മുന്‍മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ അധികവും മാധ്യമരംഗത്തുനിന്നുള്ള സ്ത്രീകളാണ്. ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങളായതിനാല്‍ അക്ബറിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദിയാകുമെന്ന് ഉന്നതവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ എട്ടിന് മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയുടെ ട്വീറ്റിലൂടെയാണ് അക്ബറിനെതിരായ വെളിപ്പെടുത്തലുകള്‍ ആരംഭിച്ചത്.
അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി പി എമ്മും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി സഭയിലെ അംഗങ്ങളില്‍ പലരും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
content highlights: M J Akbar returns to india today