ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനിലൂടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി എം.ജെ.അക്ബറിനെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. അക്ബര്‍ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തി.

മന്ത്രിയും മുന്‍ എഡിറ്ററുമായ എം.ജെ.അക്ബര്‍ തന്നെ ദ്രോഹിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തെന്ന തലക്കെട്ടില്‍ ;ദ വയറി'ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിനത്തിലൂടെയാണ് ഗസാലാ വഹാബിന്റെ വെളിപ്പെടുത്തല്‍. 1997-ലെ ആ ആറു മാസക്കാലം എന്റെ വ്യക്തിത്വത്തെ  എനിക്ക് നിര്‍വചിക്കാനാവുന്നില്ല. നമ്മള്‍ വിഗ്രഹമായി കൊണ്ടു നടക്കുന്ന ആളില്‍ ഒരു മൃഗമുണ്ടെന്ന് ലോകത്തോട് തുറന്ന് പറയണമെന്നുള്ളതുകൊണ്ടാണ് ഈ വെളിപ്പെടുത്തല്‍. 

എം.ജെ.അക്ബര്‍ എഡിറ്റായിരിക്കുന്ന ഡല്‍ഹിയിലെ ഏഷ്യന്‍ ഏജിന്റെ ഓഫീസില്‍  ജോലി ചെയ്തിരുന്നുവെന്നും, ഇക്കാലത്ത്  എപ്പോഴും എന്നെ അദ്ദേഹത്തിന്റെ റൂമിലേക്ക് വിളിച്ച് വരുത്തുകയും ലൈംഗികാതിക്രമങ്ങള്‍ നടത്തുകയും ചെയ്തതും വിശദമായി വിവരിച്ചിരിക്കുകയാണ് ഗസാലാ വഹാബ് ലേഖനത്തില്‍.

1994-ലാണ് ഏഷ്യന്‍ ഏജില്‍ ചേര്‍ന്നത്. 1997-ലാണ് തനിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. യുവ സബ് എഡിറ്റര്‍മാരോട് അദ്ദേഹം നിരന്തരം അശ്ലീല തമാശകള്‍ പറയും. ഏഷ്യന്‍ ഏജിന്റെ ഡല്‍ഹി ഓഫീസ് അക്ബറിന്റെ കേളീഗൃഹമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഡല്‍ഹി ഓഫീസിന് പുറത്തുള്ള റീജ്യണല്‍ ഓഫീസുകളിലുള്ള ചില യുവതികളും അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ടുകളാണെന്ന് ഗോസിപ്പും കേട്ടിരുന്നു. ആദ്യ രണ്ടു വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ എന്നില്‍ പതിഞ്ഞിരുന്നില്ല. 

എന്നാല്‍ ഏഷ്യന്‍ ഏജിലെ തന്റെ മൂന്നാം വര്‍ഷം അക്ബറിന്റെ കണ്ണ് എന്നില്‍ വീണു. അദ്ദേഹത്തിന്റെ ഡസ്‌കിന് അഭിമുഖമായി എന്റെ ഇരിപ്പിടം മാറ്റി. ക്യാബിനിലേക്ക് ഒറ്റയ്ക്ക് വിളിപ്പിച്ച് കുടുംബകാര്യങ്ങളും മറ്റു സ്വകാര്യതകളും തിരക്കി. ഇത് ആവര്‍ത്തിച്ചു, പിന്നീട്  ലൈംഗികാതിക്രമത്തിലേക്ക് കടന്നെന്നും അവര്‍ വിവരിക്കുന്നു. പലതവണകളായി അതിക്രമത്തില്‍ നിന്ന് ഞാന്‍ കുതറിയോടി. ഒരു തവണ സഹപ്രവര്‍ത്തകയുമായി ചേര്‍ന്ന് അയാള്‍ ഗൂഢാലോചന നടത്തി തന്നെ കീഴടക്കാന്‍ ശ്രമിച്ചുവെന്നും ഗസലാ വഹാബ് വെളിപ്പെടുത്തുന്നു. 

എം.ജെ.അക്ബറിനെതിരെ ഇത് ഏഴാമത്തെ മാധ്യമപ്രവര്‍ത്തകയാണ് മീ ടു ക്യാമ്പയിനിലൂടെ വെളിപ്പെടുത്തല്‍ നടത്തുന്നത്. പ്രിയാ രമണിയുടെ വെളിപ്പെടുത്തലോട് കൂടിയാണ് എം.ജെ. അക്ബറിനെതിരെയുള്ള ലൈംഗിക ആരോപണളുടെ കെട്ടഴിയുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ആരോപണത്തില്‍ ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.