പനാജി: കോണ്‍ഗ്രസില്‍ നിന്ന് ഒരുപാട് അനുഭവിച്ചെന്നും അതിന് അറുതിവരുത്താന്‍ ഒരുങ്ങുകയാണെന്നും ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലുസീഞ്ഞോ ഫലേറോ. ഗോവയ്ക്ക് ആവശ്യം മമത ബാനര്‍ജിയെപ്പോലൊരു നേതാവിനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലുസീഞ്ഞോ ഫലേറോ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ത്രിണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

'എന്നെക്കാള്‍ അനുഭവിച്ചത് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച ഗോവന്‍ ജനങ്ങളാണ്. നമുക്ക് ഈ ദുരിതം അവസാനിപ്പിച്ച് ഗോവയില്‍ പുതിയ ഉദയത്തിന് തുടക്കം കുറിക്കാം'- ലുസീഞ്ഞോ ഫലേറോ പറഞ്ഞു. മമത ബാനര്‍ജിയാണ് യഥാര്‍ഥ പോരാളി. ബി.ജെ.പിക്ക് ആകെയുള്ള വെല്ലുവിളി മമത മാത്രമാണ്. ഗോവയില്‍ വന്ന് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് മമത ബാനര്‍ജിയോട് താന്‍ അഭ്യര്‍ഥിക്കുന്നതായും ലുസീഞ്ഞോ ഫലേറോ പറഞ്ഞു.

നിലവില്‍ നവേലിം മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഫലേറോ. രണ്ട് തവണ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുമായിരുന്നു. 2019 ത്രിപുര തിരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് ചുമതലയും ഇദ്ദേഹത്തിനായിരുന്നു. 

ഗോവ കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറേ നാളുകളായി ഭിന്നത രൂക്ഷമായിരുന്നു. ഈസാഹചര്യം മുതലെടുത്ത് അടുത്തവര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗോവയില്‍ അക്കൗണ്ട് തുടങ്ങാന്‍ ലക്ഷ്യമിടുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ എം.പി.മാരായ ഡെറിക്ക് ഒബ്രയാന്‍, പ്രസൂണ്‍ ബാനര്‍ജി എന്നിവര്‍ കഴിഞ്ഞദിവസം ഈ ദൗത്യവുമായി ഗോവയില്‍ എത്തിയിരുന്നു. സംസ്ഥാനനേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ലുസീഞ്ഞോ ഫലേറോ ഉള്‍പ്പടെയുള്ള ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാന്‍ സാധ്യതയുള്ളതായി സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനിടയില്‍ തൃണമൂല്‍നേതാക്കള്‍ എത്തി ഇവരുമായി ചര്‍ച്ചകള്‍ നടത്തി എന്നാണ് സൂചന.

ഗോവ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോടങ്കര്‍, പ്രതിപക്ഷനേതാവ് ദിഗംബര്‍ കാമത്ത് എന്നിവരെ ഹൈക്കമാന്‍ഡ് അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതും അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു

അതിനിടെ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ഗോവ ഇന്‍ ചാര്‍ജും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസ്, ഗോവ ബി.ജെ.പി. പ്രസിഡന്റ് സദാനന്ദ് തനാവടെ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രതാപ് സിങ് റാണെ തന്റെ വസതിയില്‍ അത്താഴവിരുന്ന് നല്‍കിയിരുന്നു.

Content Highlights: Luizinho Faleiro Likely to Join TMC on Monday