ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്യം നേടിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റല്‍ പോസ്റ്ററില്‍നിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയതില്‍ ഐ.സി.എച്ച്.ആറി(Indian Council for Historical Research)-നെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. നെഹ്‌റുവിനെ ഒഴിവാക്കിയത് സംബന്ധിച്ച് ഐ.സി.എച്ച്.ആര്‍ നല്‍കിയ വിശദീകരണം അസംബന്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
ഐ.സി.എച്ച്.ആര്‍ സെക്രട്ടറി മുന്‍വിധിക്കും വിദ്വേഷം പടര്‍ത്താനുമുള്ള നീക്കങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് ചിദംബരം കുറ്റപ്പെടുത്തി. വിമാനയാത്രയുടെ ചരിത്രം ആഘോഷിക്കുമ്പോള്‍ ഐ.സി.എച്ച്.ആര്‍ റൈറ്റ് സഹോദരന്മാരേയോ മോട്ടോര്‍കാറുകളുടെ പിറവി ആഘോഷിക്കുമ്പോള്‍ ഹെന്റി ഫോര്‍ഡിനേയോ ഒഴിവാക്കുമോ? ഇന്ത്യന്‍ ശാസ്ത്രത്തെ ആഘോഷിക്കുമ്പോള്‍ സി.വി.രാമനെ ഒഴിവാക്കുമോ? - ചിദംബരം ചോദിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ(അമൃത മഹോത്സവ്) പരിപാടിയിലെ പോസ്റ്ററില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്രുവിനെ ഒഴിവാക്കിയ ചരിത്രകൗണ്‍സിലിന്റെ നടപടി ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
മഹാത്മാ ഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഡോ. ബി.ആര്‍. അംബേദ്കര്‍, സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, രാജേന്ദ്ര പ്രസാദ്, മദന്‍ മോഹന്‍ മാളവ്യ, സവര്‍ക്കര്‍ എന്നിവര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എച്ച്.ആര്‍.) പോസ്റ്ററില്‍ ഇടം പിടിച്ചു.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരുള്‍പ്പെടെ 387 പേരുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍നിന്ന് നീക്കിയ ചരിത്രകൗണ്‍സിലിന്റെ നടപടി ഈയിടെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് സ്വാതന്ത്ര്യസമരചരിത്രത്തിലെ മുന്‍നിരക്കാരനായ നെഹ്രുവിനെയും ഒഴിവാക്കിയത്.
കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പോസ്റ്ററിനെതിരേ ശനിയാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. അപലപനീയമായ ഈ നടപടി സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമറിയാവുന്ന ലോകരാജ്യങ്ങളുടെ ഇടയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അപഹാസ്യമാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. ചരിത്ര കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമാവുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ സ്വാതന്ത്ര്യസമരത്തില്‍ നെഹ്രുവിന് പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പോസ്റ്ററില്‍ ഫോട്ടോ ഒഴിവാക്കിയാല്‍ ഇല്ലാതാവുന്നതല്ല രാഷ്ട്രശില്പിയായ നെഹ്രുവിന്റെ സംഭാവനകളെന്നും ആന്റണി പറഞ്ഞു.
നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയതിലൂടെ ചരിത്ര കൗണ്‍സില്‍ സ്വയം വിലകുറച്ചതായി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. നെഹ്രുവിനെ ഒഴിവാക്കി സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്നത് അപമാനകരമാണ്. ചരിത്ര കൗണ്‍സില്‍ ഒരിക്കല്‍ക്കൂടി അപഹാസ്യമായെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: "Ludicrous": Congress's P Chidambaram On Government Body Omitting Nehru Photo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..