ലഖ്‌നൗ: നടുറോഡില്‍ ടാക്‌സിഡ്രൈവറെ പൊതിരെ തല്ലിയ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഡ്രൈവറെ കൂടാതെ മറ്റൊരാളെ കൂടി തല്ലാന്‍ ശ്രമിച്ച യുവതിക്കെതിരെ തിരക്കേറിയ ജങ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തിയ കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. #arrestlucknowgirl ട്വിറ്ററിലിപ്പോള്‍ ട്രെന്‍ഡിങ്ങാണ്. 

ലഖ്‌നൗവിലെ കൃഷ്ണനഗറില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. തന്നെ വാഹനം ഇടിപ്പിക്കാന്‍ ടാക്‌സി ഡ്രൈവര്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു യുവതിയുടെ പ്രതിഷേധമാരംഭിച്ചത്. സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ അടുത്തെത്തി സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടുതല്‍ പ്രകോപിതയായ യുവതി ഡ്രൈവറുടെ ഫോണ്‍ നിലത്തെറിയുകയും മുഖത്ത് തുടരെത്തുടരെ തല്ലുകയും ചെയ്തു. ഒരു സ്ത്രീയുടെ മുകളിലേക്ക് വണ്ടി ഓടിച്ചുകയറ്റുമല്ലേ എന്ന് ആക്രോശിച്ചായിരുന്നു യുവതിയുടെ പരാക്രമം. 

നിസ്സഹായനായ ടാക്‌സിഡ്രൈവര്‍ മറ്റ് വഴിയാത്രക്കാരോട് പോലീസിനെ വിളിക്കാന്‍ അഭ്യര്‍ഥിക്കുകയും താനൊരു പാവപ്പെട്ടവനാണെന്നും തന്റെ മുതലാളിയുടെ ഫോണാണ് യുവതി നിലത്തെറിഞ്ഞ് നശിപ്പിച്ചതെന്നും 25,000 രൂപ വിലമതിക്കുന്ന ഫോണാണതെന്നും അതിന്റെ പണം ആര് നല്‍കുമെന്നും പറയുന്നത് പിന്നീട് പ്രചരിച്ച ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ യുവാവിനെ തല്ലരുതെന്ന് ആവശ്യപ്പെട്ട് സമീപത്തെത്തിയ മറ്റൊരാളുടെ ഷര്‍ട്ടില്‍ യുവതി കുത്തിപ്പിടിക്കുകയും കയ്യേറ്റം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. 

സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ വാഹനത്തിരക്കേറിയ റോഡിലെ സീബ്രാ ക്രോസിലൂടെ യുവതി കൂസലില്ലാതെ റോഡ് മുറിച്ചു കടക്കുന്നത് കാണാം. വാഹനങ്ങള്‍ നീങ്ങുന്നതൊന്നും തന്നെ ബാധിക്കാത്ത പോലെയാണ് യുവതി നീങ്ങുന്നത്. സിഗ്നല്‍ തെളിഞ്ഞതോടെയാവണം പെട്ടെന്ന് യുവതിയുടെ സമീപം ഒരു കാര്‍ നിര്‍ത്തി. മറ്റു വാഹനങ്ങളും നിര്‍ത്തി. മറുവശത്ത് വാഹനങ്ങള്‍ നീങ്ങാനാരംഭിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് കാറിന് നേരെയെത്തിയ യുവതി കയര്‍ക്കുന്നതും പിന്നീട് കാറില്‍ നിന്ന് ഡ്രൈവര്‍ പുറത്തിറങ്ങുന്നതും കാണാം. തുടര്‍ന്നാണ് യുവതി തല്ലാന്‍ തുടങ്ങുന്നത്. 

പിന്നീട് പോലീസെത്തി രംഗം ശാന്തമാക്കുകയും ഡ്രൈവറുടെ പരാതിയില്‍ യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. യുവതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സാമൂഹികമാധ്യമങ്ങളിലെ കമന്റുകളില്‍ നിറയുന്നത്. യുവതിയെ അറസ്റ്റ് ചെയ്യണണെന്ന ആവശ്യം ശക്തമാകുകയാണ്. യുവതിയുടെ ഭാഗത്താണ് തെറ്റെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. യുവതി ചെവിയില്‍ ഇയര്‍ഫോണുമായാണ് നീങ്ങിയതെന്നും അതിനാല്‍ ശബ്ദമൊന്നും കേള്‍ക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഒരാള്‍ കുറ്റപ്പെടുത്തി. നിസ്സഹായനായ മട്ടില്‍ നിന്ന് അടി മുഴുവന്‍ ഏറ്റുവാങ്ങിയ ഡ്രൈവറേയും ചിലര്‍ കുറ്റപ്പെടുത്തി.

Content Highlights: Lucknow Woman's Attack On Taxi Driver Goes Viral, Prompts Police Case