പ്രധാനമന്ത്രിയുടെ ലഖ്‌നൗ സന്ദര്‍ശനം: ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ തുണി ഉണക്കരുതെന്ന് നിര്‍ദേശം


പ്രതീകാത്മക ചിത്രം - PTI

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ഗോമതി നഗര്‍ എക്‌സ്റ്റന്‍ഷന്‍ പ്രദേശത്തെ ഉയര്‍ന്ന കെട്ടിടസമുച്ചയത്തിലെ ബാല്‍ക്കണികളില്‍ തുണി ഉണക്കാനിടരുതെന്ന് താമസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി പോലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം കണക്കിലെടുത്താണ് ഇതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തു. യുപി പോലീസ് ആസ്ഥാനമായ സിഗ്നേച്ചര്‍ ബില്‍ഡിങ്ങില്‍ നടക്കുന്ന ഡിജിപിമാരുടെ ഓള്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. സിഗ്നേച്ചര്‍ ബില്‍ഡിങ്ങിന് തൊട്ടടുത്തുള്ള സരസ്വതി അപ്പാര്‍ട്ടുമെന്റിലെ താമസക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഗോമതി നഗര്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് പ്രശാന്ത് കുമാര്‍ മിശ്ര നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോണ്‍ഫറന്‍സ് വെള്ളിയാഴ്ചയാണ് തുടങ്ങുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ചവരെ ഉയര്‍ന്ന കെട്ടിടങ്ങളിലെ താമസക്കാര്‍ ബാല്‍ക്കണികളില്‍ തുണി ഉണക്കാനിടരുതെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ ഏതെങ്കിലും അതിഥികള്‍ എത്തിയാല്‍ ഇക്കാര്യം അവരുടെയും ശ്രദ്ധയില്‍പ്പെടുത്തണമെന്ന് പോലീസ് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡിജിപിമാരുടെ 56-ാമത് കോണ്‍ഫറന്‍സാണ് ലഖ്‌നൗവില്‍ നടക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം നിര്‍വഹിക്കും. കോണ്‍ഫറന്‍സ് യുപിയില്‍ നടക്കുന്നതും ഒരു സംസ്ഥാന പോലീസ് ആസ്ഥാനത്ത് ചേരുന്നതും ആദ്യമായാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ അര്‍വിന്ദ് കുമാര്‍, റോ മേധാവി സാമന്ത് ഗോയല്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിപിമാര്‍, കേന്ദ്ര പോലീസ് സേനകളുടെയും സായുധ പോലീസിന്റെയും തലവന്മാര്‍ എന്നിവര്‍ കോണ്‍ഫറന്‍സില്‍ നേരിട്ട് പങ്കെടുക്കും. രാജ്യസുരക്ഷ, സൈബര്‍ സുരക്ഷ എന്നിവ സംബന്ധിച്ച വിഷയങ്ങളാവും കോണ്‍ഫറന്‍സ് പ്രധാനമായും ചര്‍ച്ചചെയ്യുക. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലഖ്‌നൗവില്‍ ഉണ്ടാകും. രാത്രിയോടെ എത്തുന്ന പ്രധാനമന്ത്രി മോദിയെ അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം രാജ്ഭവനിലേക്ക് പോകും. വെള്ളിയാഴ്ച രാത്രി പോലീസ് മേധാവികളുടെ അത്താഴവിരുന്നില്‍ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented