ലഖ്‌നൗ: നിരനിരയായ് കാത്തുകിടക്കുന്ന ആംബുലന്‍സുകള്‍, മണിക്കൂറുകള്‍ നീളുന്ന പണിത്തിരക്ക്. സുരക്ഷയ്ക്കായി ഒരു മാസ്‌ക് മാത്രം. പിന്നെ, പ്രാര്‍ഥനയും... ലഖ്‌നൗവിലെ വൈദ്യുത ശ്മശാനത്തിലെ ജീവനക്കാരുടെ ദുരവസ്ഥയാണിത്. കുതിച്ചുയരുന്ന കോവിഡ്-19 കേസുകള്‍ ശ്മശാന ജീവനക്കാരുടെ ജോലിത്തിരക്ക് കൂട്ടിയിരിക്കുകയാണ്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,333 പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ആറ് പേര്‍ കോവിഡ് മൂലം മരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 41 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 

മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരനായ മുന്ന(യഥാര്‍ഥനാമമല്ല)യും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. വ്യാഴാഴ്ച മാത്രം 19 മണിക്കൂര്‍ നീണ്ട ഷിഫ്റ്റില്‍ 23 മൃതദേഹങ്ങളാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ശ്മശാനത്തില്‍ ദഹിപ്പിച്ചത്. ആംബുലന്‍സില്‍ നിന്ന് മൃതദേഹങ്ങള്‍ ഇന്‍സിനറേറ്ററില്‍ എത്തിക്കുന്ന ജോലിയാണ് രണ്ട് പേര്‍ക്ക്. ഇവര്‍ക്ക് മാത്രമാണ് പി.പി.ഇ. കിറ്റുള്ളത്. 

"മാസ്‌ക് ധരിക്കും. പിന്നെ പ്രാര്‍ഥിക്കും." കോവിഡ് പ്രതിരോധത്തെ കുറിച്ച് മുന്നയുടെ പ്രതികരണമിങ്ങനെ. "45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് ഒരു മൃതദേഹം ദഹിപ്പിക്കാന്‍ വേണ്ടി വരുന്ന സമയം. കൈകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റൈസറുകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ല. അണുനശീകരണത്തിനായി കുമ്മായം മാത്രമാണെത്തുന്നത്. നന്നായി ഉറങ്ങിയിട്ടോ ഭക്ഷണം കഴിച്ചിട്ടോ ദിവസങ്ങളായി." മുന്നയും മറ്റുള്ളവരും പറയുന്നു. 

ശ്മശാനത്തിന് പുറത്ത് നില്‍ക്കുന്നവരുടെ അവസ്ഥയും പരിതാപകരമാണ്. മരിച്ച പ്രിയപ്പെട്ടവരുടെ ശരീരം ദഹിപ്പിക്കാന്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ട അവസ്ഥ ഏറെ ദുഃഖകരമാണ്. ഭാര്യാപിതാവിന്റെ മൃതദേഹവുമായി എത്തിയതാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ അലോക് പരാകര്‍. താനെത്തിയിട്ട് തന്നെ ഒന്നര മണിക്കൂറായെന്നും തനിക്ക് കിട്ടിയത് എട്ടാമത്തെ ടോക്കണായതിനാല്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും കാത്തു നില്‍ക്കേണ്ടി വരുമെന്ന് പരാകര്‍ പറയുന്നു. 

പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടമാണ് ആദ്യം. അതിനാവാതെ വരുമ്പോള്‍ പിന്നെ വേണ്ടിവരുന്നത് മണിക്കൂറുകളോളം അവരുടെ മൃതദേഹം സംസ്‌കരിക്കാനുള്ള കാത്തിരിപ്പാണ്. കോവിഡ് ഒരു ദുരന്തമാണെന്ന് അജയ് ഗുപ്ത പറയുന്നു.കോവിഡ് ബാധിച്ച് മരിച്ച സുഹൃത്തിന്റെ അച്ഛന്റെ ശരീരം ദഹിപ്പിക്കാന്‍ കാത്തുനില്‍ക്കുകയാണ് സുഹൃത്തിനൊപ്പം അജയ്. ഒരു ഡോക്ടര്‍ കൂടിയായ സുഹൃത്തിന് അച്ഛനെ അവസാനമായി കാണാനുള്ള അവസരം പോലും ലഭിച്ചിട്ടില്ലെന്ന് അജയ് പറയുന്നു. 

 Content Highlights: Lucknow Crematorium Workers Face Rush Of Covid Bodies