മുംബൈ:  മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയാന്‍ കാരണം പരിശോധന കുറച്ചതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് ഫഡ്‌നാവിസ് കത്തയച്ചു. 

"സംസ്ഥാനത്ത് മുംബൈ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരിശോധന കുറവാണ്. ആര്‍.ടി.പി.സി.ആര്‍. പരിശോധനകളുടെ എണ്ണം കുറവാണെന്നും രോഗവ്യാപന നിരക്ക് വര്‍ധിച്ചുവെന്നും ഫഡ്‌നാവിസ് പറഞ്ഞു. ആകെ മരണത്തിന്റെ 20 ശതമാനവും മുംബൈയിലാണ്. പഴയ രേഖകള്‍ പുതുക്കിയിട്ടില്ല. കൊറോണ പ്രതിരോധത്തിന് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല", ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു. 

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്കുകള്‍ കുറയുന്നുവെന്നു കാണിക്കാന്‍ അയഥാര്‍ത്ഥ ചിത്രങ്ങള്‍(ഫോട്ടോ ഓപ് പോലെ) സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രിയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൃത്യമായ പരിശോധന വഴിയേ കോവിഡ് ബാധിക്കുന്ന രോഗികളുടെ ശരിയായ ഡാറ്റ ലഭിക്കൂ. അങ്ങനെയേ രോഗബാധിതരുടെ കൃത്യമായ കണക്ക് ലഭിക്കൂ", ഫഡ്‌നാവിസ് കത്തില്‍ പറയുന്നു. 

"കോവിഡിന്റെ ഒന്നാം തരംഗത്തിലും എത്ര മാത്രം കുറച്ച് പരിശോധനകളാണ് നടക്കുന്നതെന്ന് പൂര്‍ണ സ്ഥിതിവിവര കണക്കുകളോടെ അറിയിച്ചതാണെന്നും ഫ്ഡനാവിസ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ന് രണ്ടാം തരംഗത്തിന്റെ തീവ്രത കൂടുതലാണ്. കഴിഞ്ഞ എട്ടുദിവസമായി മുംബൈയില്‍ വളരെ കുറച്ച് പരിശോധനകളേ നടന്നിട്ടുള്ളൂ", കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് ഫഡ്‌നാവിസ് പറഞ്ഞു. 

"40 ലക്ഷം ജനസംഖ്യയുള്ള നാഗ്പുറില്‍ ഇരുപത്താറായിരത്തില്‍ അധികം സാമ്പിളുകള്‍ പ്രതിദിനം പരിശോധിക്കുന്നുണ്ട്. 68 ലക്ഷം ജനങ്ങളുള്ള പുണെയിലും കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഈ രണ്ട് നഗരങ്ങളെക്കാളും നാലിരട്ടിയില്‍ അധികം ജനസംഖ്യയുള്ള മുംബൈയില്‍ പ്രതിദിനം  നാല്‍പ്പതിനായിരം സാമ്പിളുകള്‍ പോലും പരിശോധിക്കുന്നില്ല", ഫഡ്‌നാവിസ് കത്തില്‍ പറയുന്നു.

content highlights: low testing behind drop in maharashtra covid cases- devendra fadnavis