ന്യുഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് തെക്കന്‍ ബംഗ്ലാദേശ് വടക്കന്‍ ബംഗാള്‍ പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ അടുത്ത ദിവസങ്ങളില്‍ രാജ്യത്തുടനീളം കനത്ത മഴ ലഭിച്ചേക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലൂടെ ന്യൂനമര്‍ദ്ദം പടിഞ്ഞാറേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

''സമുദ്രനിരപ്പിലുള്ള മണ്‍സൂണ്‍ കാറ്റിന്റെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്തിന് വടക്ക് ഭാഗത്തേക്കും പടിഞ്ഞാറെ അറ്റം കാറ്റിന്റെ സാധാരണ സ്ഥാനത്തിലൂടെയും കടന്നുപോകാന്‍ സാധ്യതയുണ്ട്. തെക്കന്‍ ഗുജറാത്ത് തീരത്ത് നിന്ന് വടക്കന്‍ കേരള തീരത്തേക്ക് ഒരു കാറ്റ് തീരത്തുനിന്ന് അകലെയായി നീങ്ങുന്നുണ്ട്. വടക്കന്‍ പാകിസ്താനില്‍ പഞ്ചാബിനോട് ചേര്‍ന്ന് തീവ്രത കുറഞ്ഞ ഒരു ചുഴലിക്കാറ്റും സ്ഥിതി ചെയ്യുന്നുണ്ട്.''കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.

ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജൂലൈ 30 വരെ വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ജൂലായ് 30 വരെയും കിഴക്കന്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ജൂലായ്  31 വരെ ഒറ്റപ്പെട്ടതും വ്യാപകവുമായ മഴയ്ക്ക് സാധ്യതയുണ്ട്.

ജൂലൈ 29ന് പശ്ചിമ ബംഗാളിലും ജൂലായ്  30 ന് ജാര്‍ഖണ്ഡിലും ജൂലായ്  30 ന് ഛത്തീസ്ഗഢിലും ജൂലായ് 31ന് കിഴക്കന്‍ മധ്യപ്രദേശിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ഓഗസ്റ്റ് 1 വരെ കിഴക്കന്‍ രാജസ്ഥാനിലും പശ്ചിമ മധ്യപ്രദേശിലും വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലായ്  30 മുതല്‍ മഴ കനക്കാനും സാധ്യതയുണ്ട്. 

ഓഗസ്റ്റ് 1 വരെ മധ്യ മഹാരാഷ്ട്രയിലെ കൊങ്കണ്‍, ഗോവ എന്നിവിടങ്ങളിലും വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുണ്ട്.

Content Highlights: Low pressure in Bay of Bengal to bring heavy rains across states for next few days