അശോക് ഗഹ്ലോത്ത് | photo: PTI
ജയ്പൂർ: ലൗ ജിഹാദ് വിവാദത്തിൽ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത്. രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ബി.ജെ.പി. സൃഷ്ടിച്ചെടുത്ത പദമാണ് ലൗ ജിഹാദെന്ന് അശോക് ഗഹ്ലോത്ത് ആരോപിച്ചു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പൗരൻമാരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും ഭരണഘടന വ്യവസ്ഥകളെയും ബി.ജെ.പി. ഭരണകൂടം ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങൾ ലൗ ജിഹാദിനെതിരേ നിയമനിർമാണത്തിലേക്ക് കടക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗഹ്ലോത്തിന്റെ വിമർശനം.
ലൗ ജിഹാദ് എന്നതിന് നിയമത്തിൽ വ്യക്തമായ വ്യാഖ്യാനമില്ലെന്ന് നേരത്തെ കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയതാണ്. വിവാഹം എന്നത് ഒരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഇതിനെ തടസപ്പെടുത്താൻ നിയമം നിർമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഒരു കോടതിയിലും ഇത് നിലനിൽക്കില്ല. സ്നേഹത്തിൽ ജിഹാദിന് സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഗഹ്ലോത്തിന്റെ വിമർശനത്തിന് ബി.ജെ.പി. ശക്തമായ ഭാഷയിൽ മറുപടിയും നൽകി. ആയിരക്കണക്കിന് യുവതികൾ ലൗ ജിഹാദില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് പറഞ്ഞു. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണെങ്കിൽ, പെൺകുട്ടികൾക്ക് അവരുടെ മതം നിലനിർത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights:Love Jihad Word Manufactured By BJP To Divide Nation says Ashok Gehlot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..