ലോട്ടറിയിലെ ക്രമക്കേട് തടയാൻ സംസ്ഥാനത്തിന് അധികാരമില്ലേ?; നാഗാലാൻഡിനോട് സുപ്രീം കോടതി


ബി. ബാലഗോപാൽ / മാതൃഭുമി ന്യൂസ്

നാഗാലാ‌ൻഡ് സർക്കാറിന്റെ ലോട്ടറി ഏജന്റ് സിക്കിം ലോട്ടറിയുമായി ബന്ധപ്പെട്ട് നടത്തിയ ക്രമക്കേടുകൾ 37,000 കോടി രൂപയുടേതാണെന്ന് കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി : ഫോട്ടോ : പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ന്യൂഡൽഹി: ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേരളം 2018-ൽ കൊണ്ടുവന്ന ചട്ട ഭേദഗതിക്ക് എതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. നാഗാലാ‌ൻഡ് സർക്കാർ ഫയൽചെയ്ത ഹർജിയിലാണ് കേരളം ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. അതേസമയം, ലോട്ടറിയിലെ ക്രമക്കേട് തടയാൻ സംസ്ഥാന സർക്കാരിന് നടപടികൾ സ്വീകരിച്ചുകൂടെയെന്ന് നാഗാലാ‌ൻഡ് സർക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു.

ഇതര സംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ നടത്തിപ്പ് നിയമപരമാണോ എന്നു നിരീക്ഷിക്കാനുള്ള ചട്ടങ്ങളാണ് 2018-ലെ ഭേദഗതിയിലൂടെ സംസ്ഥാന സർക്കാർ കൊണ്ടുവന്നത്. ചട്ട ഭേദഗതിയിലെ ഒന്ന് ഒഴികെയുള്ള എല്ലാ വ്യവസ്ഥകളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെയാണ് നാഗാലാ‌ൻഡ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ലോട്ടറി സംബന്ധിച്ച നിയമം പാസാക്കാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളുവെന്ന് നാഗാലാ‌ൻഡ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഒരു സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനം നടത്തുന്ന ലോട്ടറി നിരോധിക്കാനുള്ള അധികാരം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വരുമാനം ഉണ്ടാക്കാനാണ് സംസ്ഥാനങ്ങൾ ലോട്ടറി നടത്തുന്നതെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അങ്ങനെ നടത്തുന്ന ലോട്ടറികളിൽ ക്രമക്കേടുകൾ ഉണ്ടെങ്കിൽ അതിൽ ഇടപെടാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലേയെന്നും കോടതി ആരാഞ്ഞു.

നാഗാലാ‌ൻഡ് സർക്കാറിന്റെ ലോട്ടറി ഏജന്റ് സിക്കിം ലോട്ടറിയുമായി ബന്ധപ്പെട്ട് നടത്തിയ ക്രമക്കേടുകൾ 37,000 കോടി രൂപയുടേതാണെന്ന് കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം ക്രമക്കേടുകൾക്ക് എതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പല്ലവ് സിസോദിയ, സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി എന്നിവർ വാദിച്ചു.

ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് ബി.ആര്‍. എന്റര്‍പ്രൈസസ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ സംബന്ധിച്ച് തനിക്ക് വ്യക്തിപരായ ചില അഭിപ്രായങ്ങള്‍ ഉണ്ടെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെ.എം. ജോസഫ് വ്യക്തമാക്കി. കോടതിക്ക് ആവശ്യമെങ്കിൽ ബി.ആര്‍. എന്റര്‍പ്രൈസസ് കേസിലെ വിധി ഉയർന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാവുന്നതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. അന്യസംസ്ഥാന ലോട്ടറി നിരോധിക്കണമെങ്കില്‍ സംസ്ഥാനം സ്വന്തം ലോട്ടറിയും നിരോധിക്കണം എന്നായിരുന്നു ബി.ആർ. എന്റർപ്രൈസസ് കേസിലെ സുപ്രീം കോടതി വിധി.

നാഗാലാ‌ൻഡ് സർക്കാരിന്റെ ഹർജി സെപ്റ്റംബർ 29-ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ഹർജിയിൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കേരളത്തിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Content Highlights: lottery fraud - supreme court to nagaland


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented