ബെംഗളൂരു: കോണ്‍ഗ്രസുമായി സഖ്യം ചേരുകയും സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തതോടെ തനിക്ക് ജനപ്രീതി നഷ്ടമായെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി. താന്‍ കെണിയില്‍ വീഴുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച കുമാരസ്വാമി, ബി.ജെ.പി. പോലും തന്നെ അത്രത്തോളം വഞ്ചിട്ടില്ലെന്നും പറഞ്ഞു.

സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയില്‍ നേടിയ ജനപ്രീതി, ബി.ജെ.പിക്ക് അധികാരം കൈമാറാത്തതിന്റെ പേരില്‍ നടത്തിയ വലിയ പ്രചാരണങ്ങളെയും അതിജീവിച്ച് 12 വര്‍ഷം തകരാതെ സൂക്ഷിച്ചു. എന്നാല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തതോടെ എല്ലാം നശിച്ചു- കുമാരസ്വാമി മൈസുരൂവില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

അതേസമയം കുമാരസ്വാമിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സിദ്ധരാമയ്യ രംഗത്തെത്തി.  കള്ളം പറയാന്‍ വിദഗ്ധനാണെന്നും കണ്ണീരൊഴുക്കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സംസ്‌കാരമാണെന്നും സിദ്ധരാമയ്യ വിമര്‍ശിച്ചു.

content highlights: lost goodwill earned from people by joining hands with congress says kumaraswamy