ചണ്ഡീഗഡ്: സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം നിര്‍ത്തലാക്കാന്‍ പുതിയ വഴിയുമായി ഹരിയാന സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്ക് എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിര്‍ത്തലാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള മൊബൈല്‍ ആപ് പുറത്തിറക്കവേ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയെന്നു ബോധ്യപ്പെടുന്നവര്‍ക്ക് അവസാന വിധി പുറപ്പെടുവിക്കുന്നതുവരെ റേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിര്‍ത്തലാക്കും.''- ഘട്ടര്‍ പറഞ്ഞു. വിഷയത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

കുറ്റവാളിയല്ലെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ ആനുകൂല്യങ്ങള്‍ വീണ്ടും ലഭ്യമാക്കുകയുള്ളു. കുറ്റവാളിയാണെന്നു ബോധ്യപ്പെട്ടാല്‍ ആനുകൂല്യം എന്നെന്നേക്കുമായി നിര്‍ത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരകള്‍ക്ക് അഭിഭാഷകരെ നിയമിക്കാന്‍ സര്‍ക്കാരില്‍ നിന്ന് ഇരുപതിനായിരം രൂപ നല്‍കും. പരാതി രേഖപ്പെടുത്തി പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഘട്ടര്‍ പറഞ്ഞു. 

ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ നാല് ബലാല്‌സംഗങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷമാദ്യം ഘട്ടര്‍ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ക്കിരയായിരുന്നു.

Content highlights: lose govt facilities if  commit crimes against women