ശ്രീനഗര്‍:  അഫ്ഗാനിസ്താനെ ഉദാഹരിച്ച് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. അഫ്ഗാനിസ്താനിലെ സ്ഥിതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ശനിയാഴ്ച കുല്‍ഗാമിലെ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഫ്തി. ജമ്മു കശ്മീരിലെ ജനങ്ങള്‍ നേരിടുന്നതിനെ സഹിക്കാന്‍ ധൈര്യം ആവശ്യമാണ്. അവര്‍ക്ക് ക്ഷമകെടുന്ന ദിവസം നിങ്ങള്‍ നശിക്കും. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. നോക്കൂ, എന്താണ് നമ്മുടെ അയല്‍പ്പക്കത്ത് (അഫ്ഗാനിസ്താന്‍) സംഭവിക്കുന്നത്. ശക്തരായ യു.എസ്. സൈന്യത്തെ രാജ്യംവിടാന്‍ താലിബാന്‍ നിര്‍ബന്ധിതരാക്കി- മുഫ്തി പറഞ്ഞു.

നിങ്ങള്‍ക്ക്(കേന്ദ്ര സര്‍ക്കാര്‍) ഇപ്പോഴും അവസരമുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ ആരംഭിക്കൂ. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കൂ, നിങ്ങള്‍ കവര്‍ന്നതൊക്കെ തിരികെ നല്‍കൂ- മുഫ്തി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, മെഹ്ബൂബയുടെ പ്രസ്താവവനയ്‌ക്കെതിരെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രംഗത്തെത്തി. ഈ സമയത്ത് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് നിര്‍മല മുഫ്തിയോട് അഭ്യര്‍ഥിച്ചു. ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമാണെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു. 

content highlights: look at afghanistan- mehbooba mufti warns centre