ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളുടെ ഡാഡിയാണെന്ന് തമിഴ്‌നാട് ക്ഷീര വികസന വകുപ്പ് മന്ത്രിയും എ.ഐ.എഡി.എം.കെ. നേതാവുമായ കെ.ടി.രാജേന്ദ്ര ബാലാജി. ഞങ്ങളുടെ അമ്മയെ (ജയലളിത) നഷ്ടപ്പെട്ടു. ഇപ്പോള്‍ മോദിയാണ് ഞങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കുന്നത്. അദ്ദേഹം ഞങ്ങള്‍ക്ക് ഡാഡിയാണെന്നും അദ്ദേഹം പറഞ്ഞു. 

അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എല്ലാം അവരുടെ നിയന്ത്രണത്തിലാകുമായിരുന്നു. അമ്മയുടെ തീരുമാനം അവരുടേത് മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അമ്മയുടെ അഭാവം അത് വ്യക്തമാക്കുന്നുണ്ട്. മോദി ഞങ്ങളുടെ ഡാഡിയാണ്. അദ്ദേഹം ഇന്ത്യയുടെ കൂടി ഡാഡിയാണ്. അത് കൊണ്ടുതന്നെ ഞങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം ശക്തിപ്പെടുത്തുമെന്നും ഒന്നിച്ച് മത്സരിക്കുമെന്നും ബാലാജി പറഞ്ഞു. വിരുതനഗറിലെ പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Content Highlights: Lok Sabha elections 2019: Prime Minister Narendra Modi is our ‘Daddy’, says AIADMK minister