മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് തക്ക‌റെയുടെ ഓഫീസ് ട്വീറ്ററിലൂടെ അറിയിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ വിശദീകരണവുമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തു വന്നിരിക്കുന്നത്.  

സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല. ആളുകള്‍ കൂട്ടം കൂടരുതെന്നും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറയുന്നു. 

മഹാരാഷ്ട്രയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശിച്ച് കാബിനറ്റ് മന്ത്രിയും ഉദ്ധവിന്റെ മകനുമായ ആദിത്യ താക്കറെയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. വെള്ളിയാഴ്ച സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 97000 കടന്നു. ഇതുവരെ 3590 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെയും മറികടന്നു. 50 ശതമാനമാണ് രോഗമുക്തി നിരക്ക്. 

Content Highlights: Lockdown not to be re-announced in Maharashtra, tweets CM Thackeray’s office