മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരവെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യാനായി മഹാരാഷ്ട്ര മന്ത്രിസഭ ഇന്ന് യോഗം ചേരും. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് വിവരം.

കോവിഡ് വ്യാപനം ഇപ്പോഴത്തെ പോലെ തുടര്‍ന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 49,447 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 277 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. മുംബൈ നഗരത്തില്‍ മാത്രം 9,090 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് ബാധിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 2,953,523 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 55,656 പേർ മരണപ്പെടുകയും ചെയ്തു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി കിടക്കകള്‍ തികയാതെ വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. 

എല്ലാവരും കര്‍ശനമായി കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാല്‍ ലോക്ഡൗണ്‍ ഒഴിവാക്കാമെന്നും മറ്റ് വഴികളില്ലെങ്കില്‍ ലോക്ഡൗണ്‍ അനിവാര്യമാകുമെന്നും താക്കറെ പറഞ്ഞു.

Content Highlights: Lockdown in Maharashtra? Cabinet meet today, stricter curbs likely