റാഞ്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 29 വരെയുള്ള ഒരാഴ്ചക്കാലത്തേക്കാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അവശ്യ സേവനങ്ങളെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

അവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടാത്ത സംസ്ഥാനത്തെ മുഴുവന്‍ കടകളും ലോക്ഡൗണ്‍ വേളയില്‍ അടഞ്ഞുകിടക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും ഇളവുകള്‍ നല്‍കിയ ചില സ്ഥാപനങ്ങളും ഒഴികെയുള്ള മുഴുവന്‍ ഓഫീസുകളും അടച്ചിടും. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും നിരോധനമുണ്ട്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ട്. അതേസമയം ഭക്തരെ കൂട്ടംചേരാന്‍ അനുവദിക്കില്ല. ഖനനം, കാര്‍ഷിക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ഡൗണ്‍ വേളയില്‍ തടസ്സമില്ല. 

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അടുത്ത ഒരാഴ്ചക്കാലം ജനങ്ങള്‍ ആരോഗ്യ സുരക്ഷാവാരമായി ആചരിക്കണമെന്നും മുഖ്യമന്ത്രി ഹേമന്ദ് സോരന്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ജാര്‍ഖണ്ഡില്‍ 3992 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 50 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ ആകെ മരണം 1456 ആയി ഉയര്‍ന്നു. 28,010 രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

content highlights: Lockdown in Jharkhand from April 22-29, essential services allowed